രാജ്യസഭയിൽ നന്ദിപ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നൽകിയപ്പോൾ വലിയ ബഹളമുണ്ടായി. എൻഡിഎയുടെ വൻ വിജയത്തെ ബ്ലാക്കൗട്ട് ചെയ്യാൻ ശ്രമങ്ങൾ നടക്കുന്നതായി മോദി ആരോപിച്ചു. ജനവിധി അംഗീകരിക്കാൻ ചിലർ തയാറാകുന്നില്ലെന്നും സർക്കാരിന്റെ പ്രവർത്തന മികവാണ് വിജയത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയെ സംരക്ഷിക്കാനെന്ന പ്രതിപക്ഷ പ്രചാരണം ആത്മാർത്ഥതയില്ലാത്തതാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
പ്രസംഗത്തിനിടെ ഇടപെട്ട് സംസാരിക്കാൻ മല്ലികാർജുൻ ഖർഗെ ശ്രമിച്ചെങ്കിലും ചെയർമാൻ അനുവദിച്ചില്ല. പ്രതിപക്ഷത്തിന്റെ പ്രതിഷേധം അവഗണിച്ച് മോദി പ്രസംഗം തുടർന്നതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഇനിയും 20 വർഷം കൂടി എൻഡിഎ ഇന്ത്യ ഭരിക്കുമെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു.
ഭരണഘടനയെ പ്രതിപക്ഷം അപമാനിക്കുകയാണെന്നും സത്യം കേൾക്കാൻ അവർക്ക് ശക്തിയില്ലെന്നും മോദി കുറ്റപ്പെടുത്തി. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണത്തിനും അദ്ദേഹം മറുപടി നൽകി. ഏത് ഘട്ടത്തിലാണ് കേന്ദ്ര ഏജൻസികളെ പ്രതിപക്ഷ പാർട്ടികളുടെ പിന്നാലെ അഴിച്ചുവിട്ടതെന്ന് കോൺഗ്രസിനറിയാമെന്നും അതിന് അവരാണ് മറുപടി പറയേണ്ടതെന്നും മോദി പറഞ്ഞു. ഇപ്പോൾ നിയമപരമായി മാത്രമേ അന്വേഷണങ്ങൾ മുന്നോട്ടുപോകുന്നുള്ളൂവെന്നും ബിജെപി ഇതിലൊന്നും ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ബംഗാൾ സർക്കാർ വലിയ പരാജയമാണെന്നും മോദി വിമർശിച്ചു. ലോക്സഭയിൽ കണ്ടതുപോലെ പ്രതിപക്ഷ നേതാവിനും കോൺഗ്രസിനുമെതിരെ കടന്നാക്രമണം നടത്തിയ മോദി രാഹുലിന്റേത് ബാലകബുദ്ധിയെന്ന പരിഹാസം ആവർത്തിച്ചു.