ലോക്സഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി നൽകും. ഉച്ചയ്ക്കുശേഷമാണ് പ്രധാനമന്ത്രി സഭയിൽ സംസാരിക്കുക.
ഇന്നലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നന്ദിപ്രമേയത്തെ എതിർത്ത് കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. കേന്ദ്രസർക്കാർ ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കുന്നുവെന്നും ബിജെപി മതത്തെ ചൂഷണം ചെയ്യുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യസഭയിലും ഇന്ന് നന്ദിപ്രമേയ ചർച്ച അവസാനിക്കും. രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ ബിജെപി തീരുമാനിച്ചിട്ടുണ്ട്.
സ്പീക്കർക്ക് പരാതി നൽകുന്നതുൾപ്പെടെയുള്ള നടപടികൾ പാർട്ടി സ്വീകരിക്കും. ഇന്നത്തെ നേതൃയോഗത്തിലാകും അന്തിമ തീരുമാനമുണ്ടാവുക.
രാഹുലിന്റെ പ്രസ്താവനകൾ ഹിന്ദു സമൂഹത്തെ അപമാനിക്കുന്നതാണെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഹിന്ദുക്കളെ അപമാനിക്കുന്ന യാതൊരു പരാമർശവും രാഹുൽ നടത്തിയിട്ടില്ലെന്നും ബിജെപി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കോൺഗ്രസ് പ്രതികരിച്ചു.