മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ വിയോഗത്തിൽ രാജ്യം ദുഃഖത്തിലാഴ്ന്നിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയുടെ ഏറ്റവും വിശിഷ്ട നേതാക്കളിലൊരാളായിരുന്നു മൻമോഹൻ സിംഗ് എന്ന് മോദി പറഞ്ഞു. സാമ്പത്തിക വിദഗ്ധനായിരുന്ന അദ്ദേഹം ധനമന്ത്രി ഉൾപ്പെടെയുള്ള വിവിധ പദവികളിൽ സേവനമനുഷ്ഠിച്ചു. വർഷങ്ങളായി രാജ്യത്തിന്റെ സാമ്പത്തിക നയത്തിൽ ശക്തമായ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു അദ്ദേഹം.
പാർലമെന്റിലെ അദ്ദേഹത്തിന്റെ ഇടപെടലുകൾ ഉൾക്കാഴ്ചയുള്ളതായിരുന്നുവെന്നും പ്രധാനമന്ത്രി എന്ന നിലയിൽ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ വിപുലമായ ശ്രമങ്ങൾ നടത്തിയെന്നും മോദി പറഞ്ഞു. വ്യാഴാഴ്ച രാത്രി 8 മണിയോടെ വസതിയിൽ കുഴഞ്ഞുവീണ മൻമോഹൻ സിംഗിനെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പതിമൂന്നാമത്തെയും (2004) പതിനാലാമത്തെയും (2009) പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് രാജ്യാന്തര തലത്തിൽ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനുമായിരുന്നു. സിഖ് മതസ്ഥനായ ആദ്യ പ്രധാനമന്ത്രി കൂടിയായിരുന്നു അദ്ദേഹം. ആരോഗ്യപരമായ കാരണങ്ങളാൽ സമീപ വർഷങ്ങളിൽ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. 2024 ജനുവരിയിൽ മകളുടെ പുസ്തക പ്രകാശന ചടങ്ങായിരുന്നു അദ്ദേഹത്തിന്റെ അവസാന പൊതുപരിപാടി.
സാമ്പത്തികശാസ്ത്രം ഇഷ്ടമേഖലയാക്കിയ മൻമോഹൻ സിംഗ് മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്നത്. 2004 മേയ് 22-നാണ് അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ രാജ്യമാകെ ദുഃഖിക്കുകയാണ്.
Story Highlights: Prime Minister Narendra Modi expresses condolences on the passing of former Prime Minister Dr. Manmohan Singh