മലപ്പുറം വളാഞ്ചേരി ഹയര് സെക്കന്ഡറി സ്കൂളിലെ പ്ലസ് വണ് സയന്സ് വിദ്യാര്ഥിയായ പതിനാറുകാരന് ക്രൂരമായ മര്ദനമേറ്റു. കഴുത്തിനും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റ വിദ്യാര്ഥി ഇപ്പോള് ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പ്ലസ് ടു വിദ്യാര്ഥികളായ പത്തുപേര്ക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്.
മുതിര്ന്ന വിദ്യാര്ഥികള് നേരത്തേ ഈ വിദ്യാര്ഥിയെ റാഗിങ്ങിനിരയാക്കിയിരുന്നു. ഷര്ട്ടിന്റെ ബട്ടന് അഴിയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരേ അധ്യാപകരോട് വിദ്യാര്ഥി പരാതിപ്പെട്ടിരുന്നു.
ഈ വിരോധമാണ് ഇപ്പോഴത്തെ മര്ദ്ദനത്തിന് കാരണമായത്. സ്കൂളിലേക്ക് പോകും വഴി വളാഞ്ചേരി മീമ്പാറയില് വിദ്യാര്ഥിയെ തടഞ്ഞു നിര്ത്തി കൂടുതല് കൂട്ടുകാരുമായി സംഘടിച്ചെത്തിയ പ്രതികള് പട്ടികകൊണ്ടും ചങ്ങല കൊണ്ടും തല്ലുകയും റോഡ് സൈഡിലെ ഓടയിലേക്ക് തള്ളിയിടുകയും ചെയ്തു. നാട്ടുകാര് ഇടപെട്ടാണ് വിദ്യാര്ഥിയെ രക്ഷിച്ചത്.
അവര് തന്നെയാണ് വിദ്യാര്ഥിയെ ആശുപത്രിയിലെത്തിച്ചത്. പൊലീസ് വിദ്യാര്ഥിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര് ചെയ്തിട്ടുണ്ട്.
Story Highlights: Plus One student brutally assaulted by senior students at Valanchery Higher Secondary School in Malappuram, Kerala