കാൻസർ ചികിത്സാ ചെലവ് കുറയ്ക്കുന്നതിൽ രാജ്യത്തിന് മാതൃകയാകുന്ന നടപടിയാണ് കാരുണ്യ സ്പർശമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നൂറുദിന കർമ്മപരിപാടികളുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട കാരുണ്യ ഫാർമസികളിൽ പ്രവർത്തനമാരംഭിക്കുന്ന കാരുണ്യ സ്പർശം സീറോ പ്രോഫിറ്റ് ആന്റി കാൻസർ ഡ്രഗ് കൗണ്ടറുകളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാൻസർ രോഗബാധിതർക്ക് പൊതുവിപണിയിലെ വിലയേക്കാൾ കുറഞ്ഞ നിരക്കിൽ കാരുണ്യ ഫാർമസികളിൽ നിന്ന് മരുന്നുകൾ ലഭ്യമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആദ്യഘട്ടത്തിൽ ഓരോ ജില്ലയിലെയും തെരഞ്ഞെടുത്ത 14 കാരുണ്യ ഫാർമസികളിലൂടെ ഉയർന്ന വിലയുള്ള കാൻസർ മരുന്നുകൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കും. രണ്ട് ശതമാനം സേവന ചെലവ് മാത്രം ഈടാക്കിയും കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ ലാഭം പൂർണമായും ഒഴിവാക്കിയുമാണ് ഈ കൗണ്ടറുകൾ പ്രവർത്തിക്കുക. 26 ശതമാനം മുതൽ 96 ശതമാനം വരെ വിലക്കുറവ് മരുന്നുകൾക്കുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് മുപ്പത് വയസ്സിന് മുകളിലുള്ളവരിൽ ഒമ്പത് ലക്ഷം പേർക്ക് കാൻസർ ബാധിക്കാൻ സാധ്യതയുണ്ടെന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. സ്തനാർബുദത്തിനാണ് ഏറ്റവും കൂടുതൽ സാധ്യത. സ്ത്രീകളിൽ സെർവിക്കൽ കാൻസറും വർധിക്കുന്നുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിനെ പ്രതിരോധിക്കാൻ വികസിത രാജ്യങ്ങളുടെ മാതൃകയിൽ വാക്സിനേഷൻ നൽകാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: Kerala government launches Karunya Sparsh zero-profit anti-cancer drug counters to reduce cancer treatment costs