മുഖ്യമന്ത്രി പിണറായി വിജയൻ പാണക്കാട് തങ്ങളെ വിമർശിച്ചതിൽ ന്യായീകരണം നടത്തി. താൻ വിമർശിച്ചത് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനെയാണെന്നും അത് രാഷ്ട്രീയ വിമർശനമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോഴിക്കോട് സിപിഐഎം ഓഫീസ് ഉദ്ഘാടനത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും വർഗീയ സംഘടനകളാണെന്നും അവരോട് കൂട്ടുകൂടാൻ മുസ്ലിം ലീഗിന് എങ്ങനെ സാധിക്കുന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു.
ലീഗ് കോൺഗ്രസിനെ പോലെയാകുന്നുവെന്നും കേരളത്തിലെ മന്ത്രിസഭയിലെ സ്ഥാനം നഷ്ടപ്പെടുമോ എന്ന ഭയം കാരണം കോൺഗ്രസ് നിലപാടിനോട് എതിർപ്പ് പ്രകടിപ്പിക്കാൻ ലീഗ് തയ്യാറായില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സ്വാതന്ത്ര്യസമരത്തെ തള്ളിപ്പറഞ്ഞ ആർഎസ്എസ് നേതാക്കളെ ഇപ്പോൾ മഹത്വവത്കരിക്കാൻ ശ്രമിക്കുന്നുവെന്നും ഭരണഘടനയെ തകർക്കാനാണ് ആർഎസ്എസിന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ക്ഷീണമില്ലെന്നും ചേലക്കരയിൽ എൽഡിഎഫിന്റെ വോട്ടുവിഹിതം കൂടിയെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. ബിജെപിക്കാണ് വലിയ തകർച്ച നേരിട്ടതെന്നും പാലക്കാട് ബിജെപിയുമായുള്ള വോട്ടു അകലം കുറച്ചെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിന് ആവേശം പകരുന്ന തെരഞ്ഞെടുപ്പ് ഫലമാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Story Highlights: Kerala CM Pinarayi Vijayan justifies criticism of Muslim League, discusses election results