ഏതൊരു രാജ്യത്തും കുറ്റം ചെയ്യപ്പെട്ടവരുടെ വിധി ജയിലടക്കമുള്ള കഠിന ശിക്ഷകളായിരിക്കും. ജയിലിൽ പോവുകയെന്നത് കുറ്റകൃത്യങ്ങൾ ചെയ്യപ്പെട്ട ഒരാൾക്ക് നേരിടേണ്ടിവരുന്ന ഏറ്റവും കടുത്ത ശിക്ഷയാണ്. എന്നാൽ ആ ജയിൽ തന്നെ കുറ്റവാളികൾക്കുള്ള ഉല്ലാസകേന്ദ്രമായി മാറിയിരിക്കുന്നതാണ് ഇപ്പോൾ കാണാൻ കഴിയുന്നത്.
ഡൽഹി ലോക്കപ്പിൽ ഒരുകൂട്ടം ഗുണ്ടകൾ ഇരുന്ന് മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ലോക്കപ്പിൽ കിടക്കുന്ന ഗുണ്ടാതലവൻ നീരജ് ബവാനയുടെ ഒപ്പമുള്ള രാഹുൽ കാല, നവീൻ ബാലി തുടങ്ങിയവർ ജയിലിലിരുന്ന് മദ്യപിക്കുകയും ,ലഘുഭക്ഷണം കഴിക്കുകയും ചെയ്യുന്ന വീഡിയോയാണ് സാമൂഹ്യമാധ്യങ്ങളിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
Video | Gangsters are seen enjoying liquor, snacks inside police lock-up in Delhi pic.twitter.com/pjySJ1DMJX
— The Indian Express (@IndianExpress) August 25, 2021
24 സെക്കന്റ് ദൈർഘ്യമുള്ള ഈ വീഡിയോ നീരജ് ബവാനയുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ നിന്നുമാണ് പോസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. വീഡിയോയിൽ ഗുണ്ടാത്തലവന്മാർ സിഗരറ്റ് പങ്കിടുന്നതും, ഉല്ലസിക്കുന്നതുമായി കാണാൻ സാധിക്കും. ഒരാൾ ഫോണിൽ സംസാരിക്കുന്ന സമയം മറ്റെയാൾ ദൃശ്യങ്ങൾ പകർത്തുകയാണ്. അവർക്കു പുറമെ ലോക്കപ്പിൽ നാല് പേർകൂടിയുണ്ടായിരുന്നു.
മുൻപും പലതവണ ഇരുവരെയും കൊലപാതക കുറ്റങ്ങളിലും, പിടിച്ചുപറിയുമായും ബന്ധപ്പെട്ട കേസുകളിൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശേഷം തിഹാർ മണ്ഡോളി ജയിലിലായിരുന്നു അവരെ പാർപ്പിച്ചിരുന്നത്. സംഘത്തിലെ ഒരാളെ കൊല്ലുന്നതിനായി ജയിലിനുള്ളിലുള്ള അവരുടെ എതിരാളി ഗൂഢാലോചന നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഈ മാസത്തിന്റെ ആദ്യം അവരെ ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇരുവരെയും ചോദ്യം ചെയ്യാനായി പൊലീസുകാരുടെ ഒരു പ്രത്യേക സംഘം ഒരാഴ്ചയിലധികം അവരെ ലോക്കപ്പിൽ പാർപ്പിച്ചു. അവർ ആഗസ്റ്റ് 10 വരെ പ്രത്യേക സംഘത്തിന്റെ കസ്റ്റഡിയിലായിരുന്നു. തുടർന്ന് വീണ്ടും അവരെ മണ്ഡോളി ജയിലിലേക്ക് അയച്ചു.
ഇപ്പോഴത്തെ പുതിയ റിപ്പോർട്ടുകൾ പ്രകാരം,വീഡിയോയിലെ ദൃശ്യങ്ങൾ മണ്ഡോളി ജയിലിലേതോ അല്ലെങ്കിൽ പ്രത്യേക പൊലീസ് സെല്ലിന്റെ ലോക്കപ്പിലേതോ ആകാമെന്നാണ് നിഗമനം. സംഭവത്തെ തുടർന്ന് പൊലീസിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. ലോക്കപ്പിനുള്ളിൽ ഗുണ്ടകൾക്ക് “വിഐപി പരിഗണന” എങ്ങനെ ലഭിച്ചു എന്നതാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്ന ചോദ്യം .
Story highlight : picture of criminals drinking in lock-up went viral.