വാൾമാർട്ട് പിന്തുണയുള്ള ഫിൻടെക് സ്ഥാപനമായ ഫോൺപേ, ഇനി മുതൽ ക്രെഡിറ്റ് ലൈൻ സൗകര്യം അവതരിപ്പിക്കുന്നു. റിസർവ് ബാങ്കിന്റെ അനുമതിയെ തുടർന്നാണ് ഈ സേവനം ആരംഭിച്ചത്. ഉപയോക്താക്കൾക്ക് മർച്ചന്റ് പേയ്മെന്റുകൾ എളുപ്പത്തിൽ നടത്താൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. നേരത്തെ ഗൂഗിൾ പേ പ്ലാറ്റ്ഫോം ആണ് ഇത്തരമൊരു സംവിധാനം ആരംഭിച്ചത്.
ക്രെഡിറ്റ് ലൈൻ എന്നത് ബാങ്ക് ആവശ്യാനുസരണം അനുവദിക്കുന്ന പണമാണ്. ഈ സേവനം വ്യക്തികളെയും ബിസിനസുകളെയും യു.പി.ഐ വഴി മുൻകൂട്ടി അനുവദിച്ച ക്രെഡിറ്റ് ലൈനുകൾ ആക്സസ് ചെയ്യാൻ പ്രാപ്തരാക്കുന്നു. ഫോൺപേ പേയ്മെന്റ് ഗേറ്റ്വെയിലുള്ള വ്യാപാരികൾക്ക് ഉപയോക്താക്കൾ ചെക്ക് ഔട്ട് ചെയ്യുന്നതിന് മുൻപ് അധിക പേയ്മെന്റ് ഓപ്ഷൻ നൽകാനും സാധിക്കും. ലക്ഷക്കണക്കിന് വ്യാപാരികൾക്ക് ഈ സേവനം ഉപയോഗപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഫോൺപേ പേയ്മെന്റ് ഹെഡ് ദീപ് അഗ്രവാൾ പറഞ്ഞതനുസരിച്ച്, രാജ്യത്ത് ഡിജിറ്റൽ പേയ്മെന്റ് സംവിധാനം കൂടുതൽ ശക്തിയാർജിക്കുകയാണ്. ഉപയോക്താക്കൾക്ക് ഏറ്റവും നൂതനമായ സാധ്യതകൾ നൽകാൻ ഫോൺപേ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.പി.ഐയിൽ ക്രെഡിറ്റ് ലൈൻ ഉപയോഗിക്കാൻ, ഫോൺപേ ആപ്ലിക്കേഷനിൽ പ്രൊഫൈൽ സെക്ഷനിൽ നിന്ന് ബാങ്ക് തിരഞ്ഞെടുത്ത്, അക്കൗണ്ടുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ ഉപയോഗിച്ച് യു.പി.ഐ പിൻ സെറ്റ് ചെയ്യേണ്ടതുണ്ട്.
Story Highlights: PhonePe launches credit line on UPI platform for seamless merchant payments