കേരളത്തെ നടുക്കിയ പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്ക് പ്രത്യേക സിബിഐ കോടതി ഇന്ന് ശിക്ഷ വിധിക്കും. കേസിലെ ഒന്നാം പ്രതിയും കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനുമായ സിപിഐഎം പെരിയ ലോക്കൽ കമ്മിറ്റി മുൻ അംഗം എ പീതാംബരൻ ഉൾപ്പെടെ 14 പേരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്.
ഉദുമ മുൻ എംഎൽഎ കെവി കുഞ്ഞിരാമനും കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു. കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയിൽ നിന്നും മോചിപ്പിച്ച കുറ്റമാണ് കെ വി കുഞ്ഞിരാമൻ ഉൾപ്പെടുന്ന 14, 20, 21, 22 പ്രതികൾക്കെതിരെ തെളിഞ്ഞത്. എന്നാൽ പത്ത് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. ഒന്ന് മുതൽ എട്ട് വരെ പ്രതികൾക്കെതിരെ കൊലപാതകം, ഗൂഡാലോചന, തെളിവ് നശിപ്പിക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, മാരക ആയുധങ്ങൾ ഉപയോഗിച്ച് ഉപദ്രവം, തടഞ്ഞു നിർത്തൽ തുടങ്ങിയ വകുപ്പുകൾ നിലനിൽക്കുമെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.
പത്ത്, പതിനഞ്ച് പ്രതികൾക്കെതിരെ ഗൂഢാലോചന തെളിഞ്ഞതിനാൽ പ്രധാന പ്രതികൾക്കുള്ള ശിക്ഷ അവരും അനുഭവിക്കേണ്ടിവരും. കുറ്റക്കാരെന്ന് കണ്ടെത്തിയവരിൽ പീതാംബരൻ, സജി സി. ജോർജ്, കെ.എം. സുരേഷ്, കെ. അനിൽ കുമാർ, ജിജിൻ, ആർ. ശ്രീരാഗ്, എ. അശ്വിൻ, സുബീഷ്, എ. മുരളി, രഞ്ജിത്ത്, കെ. മണികണ്ഠൻ, എ. സുരേന്ദ്രൻ, കെ.വി. കുഞ്ഞിരാമൻ, രാഘവൻ വെളുത്തോളി, കെ. വി. ഭാസ്കരൻ എന്നിവർ ഉൾപ്പെടുന്നു. അതേസമയം, പ്രദീപ്, ബി. മണികണ്ഠൻ, എൻ. ബാലകൃഷ്ണൻ, എ. മധു, റെജി വർഗീസ്, എ. ഹരിപ്രസാദ്, പി. രാജേഷ്, വി. ഗോപകുമാർ, പി.വി. സന്ദീപ് എന്നിവരെ കോടതി കുറ്റവിമുക്തരാക്കി.
Story Highlights: CBI court to pronounce sentence in Periya double murder case today