കണ്ണൂർ സെൻട്രൽ ജയിലിലേക്ക് പെരിയ കേസിലെ പ്രതികളെ മാറ്റി. കെ.വി. കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള പ്രതികളെയാണ് കണ്ണൂർ ജയിലിലേക്ക് മാറ്റിയത്. കോടതി നിർദേശപ്രകാരമാണ് ജയിൽ മാറ്റം നടന്നത്. പ്രതികൾ എത്തിയപ്പോൾ പാർട്ടി പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് സ്വീകരിച്ചു.
ജയിൽ ഉപദേശക സമിതി അംഗമായ സിപിഐഎം നേതാവ് പി. ജയരാജൻ കണ്ണൂർ സെൻട്രൽ ജയിലിലെത്തി പ്രതികളെ സന്ദർശിച്ചു. “അഞ്ച് സഖാക്കളെ കണ്ട് സംസാരിച്ചു. അവർക്ക് എന്റെ ഒരു പുസ്തകവും കൊടുത്തു. ജയിൽ ജീവിതം കമ്യൂണിസ്റ്റുകാരെ സംബന്ധിച്ച് വായിക്കാനുള്ള അവസരം കൂടിയാണ്. നല്ല വായനക്കാരാണവർ. വായിച്ച് അവർ പ്രബുദ്ധരാകും,” എന്ന് ജയരാജൻ പറഞ്ഞു.
കമ്യൂണിസ്റ്റുകാരെ തടവറ കാട്ടി ഭയപ്പെടുത്താനുള്ള ശ്രമങ്ങൾ വിജയിക്കില്ലെന്ന് ജയരാജൻ അഭിപ്രായപ്പെട്ടു. “തടവറകൾ കമ്യൂണിസ്റ്റുകാർക്ക് സ്വാഭാവികമായും പറഞ്ഞുവെച്ചതാണ്. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തുടക്കക്കാർക്കെതിരെ ബ്രിട്ടീഷ് സാമ്രാജ്യം ചുമത്തിയത് പെഷവാർ ഗൂഢാലോചന കേസാണ്. പല കേസുകളും ഇത്തരത്തിൽ പാർട്ടിയുടെ പ്രധാനപ്പെട്ട നേതാക്കൾക്കെതിരെ ചുമത്തിയിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കണമെന്നാണ് സിപിഐഎമ്മും ആഗ്രഹിക്കുന്നതെന്ന് ജയരാജൻ പറഞ്ഞു. എന്നാൽ സമൂഹത്തിൽ ഇപ്പോഴും നിരവധി അക്രമ സംഭവങ്ങൾ നടക്കുന്നുണ്ടെന്നും എല്ലാ അക്രമ സംഭവങ്ങളും അവസാനിപ്പിക്കണമെന്നാണ് പാർട്ടിയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങൾക്ക് മാർക്സിസ്റ്റ് വിരുദ്ധ ജ്വരം പിടിപെട്ടിരിക്കുകയാണെന്ന് ജയരാജൻ ആരോപിച്ചു. “ഇരട്ടക്കൊലയെ കുറിച്ച് പറയുമ്പോൾ തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ 2020-ൽ തിരുവോണത്തിന്റെ തലേദിവസം സിപിഐഎമ്മിന്റെ രണ്ട് പ്രവർത്തകന്മാരെ കൊലപ്പെടുത്തിയത് മറവി രോഗം ബാധിച്ചിട്ടുള്ള ‘മ’ പത്രങ്ങൾക്ക് ഓർമ വരുന്നില്ല,” അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ എട്ടര വർഷക്കാലം എൽഡിഎഫ് ഭരണത്തിൽ കേരളത്തിൽ വർഗീയ സംഘർഷങ്ങളില്ലാത്ത സാമൂഹിക സമാധാനം നിലനിൽക്കുന്നുവെന്നും ആ അന്തരീക്ഷം സംരക്ഷിക്കണമെന്നും ജയരാജൻ അഭിപ്രായപ്പെട്ടു. സിപിഐഎം തള്ളിപ്പറഞ്ഞ പീതാംബരൻ ഉൾപ്പെടെയുള്ളവരെ നേരിൽ കണ്ടില്ലെങ്കിലും ജയരാജന്റെ സാന്നിധ്യം അവർക്കൊപ്പം പാർട്ടിയുണ്ടെന്ന സന്ദേശമാണ് നൽകുന്നത്. കെ.വി. കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള പ്രതികൾക്കായി സിപിഐഎം ഉടൻ മേൽക്കോടതിയെ സമീപിക്കുമെന്നാണ് സൂചന.
Story Highlights: Periya double murder case accused brought to Kannur Central Jail