പേരണ്ടൂർ റെയിൽവേ ഓവർബ്രിഡ്ജിന് സമീപം പ്രവർത്തിക്കുന്ന ‘തീരം’ എന്ന ലഹരി ഉപയോഗ കേന്ദ്രം പ്രദേശവാസികൾക്ക് ഭീഷണിയാകുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികൾ ലഹരി ഉപയോഗിക്കാൻ രാത്രിയിൽ ഇവിടെ എത്താറുണ്ടെന്നും, ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞ ലഹരി വസ്തുക്കളുടെ കവറുകൾ പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. എളമക്കര പോലീസിനെ പലതവണ വിവരമറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും അവർ ആരോപിക്കുന്നു.
പേരണ്ടൂർ റെയിൽവേ ഓവർബ്രിഡ്ജിന്റെ വിശാലമായ ഈ ഭാഗമാണ് പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പ്രധാന ലഹരി ഉപയോഗ കേന്ദ്രം. വാട്സ്ആപ്പിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും സന്ദേശം ലഭിച്ചു എത്തുന്നവർക്ക് സുരക്ഷിതമായി ലഹരി ഉപയോഗിക്കാമെന്നതാണ് ഇവിടുത്തെ പ്രത്യേകത. ലഹരി ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞ നിരവധി സിപ്പ് കവറുകളും, ലഹരി ഉപയോഗിക്കാൻ ആവശ്യമായ പേപ്പറുകൾ വാങ്ങിയ കവറുകളും പ്രദേശത്ത് കാണാൻ സാധിക്കും. എളമക്കര പോലീസ് സ്റ്റേഷൻ പരിധിയിൽ ആണെങ്കിലും നാട്ടുകാർ വിളിച്ചുപറഞ്ഞാലും പോലീസ് ഇവിടെ വരാറില്ലെന്നും ഇത് ലഹരി മാഫിയയ്ക്ക് തണലാകുന്നുവെന്നും നാട്ടുകാർ ആരോപിക്കുന്നു.
രാത്രി 7 മണി മുതൽ പുലർച്ചെ വരെ കുട്ടികൾ ഇവിടെ എത്താറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ഈ വിവരം പുറത്തുവിട്ടതിന് പിന്നാലെ ചില വീടുകൾക്ക് നേരെ ലഹരി വലയത്തിൽ പെട്ടവർ കല്ലുകൾ വലിച്ചെറിഞ്ഞു. വിവരം പോലീസിൽ അറിയിച്ചുവെങ്കിലും പതിവുപോലെ പോലീസ് എത്തിയില്ല. പെൺകുട്ടികളെ അടക്കം ഇവിടെ എത്തിച്ച് ലഹരി നൽകുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്നതായിട്ടാണ് പ്രദേശവാസികൾ പറയുന്നത്.
കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ ഈ പ്രദേശത്തിന്റെ സവിശേഷത കേട്ടറിഞ്ഞ് ഇങ്ങോട്ട് എത്തുന്നുണ്ട്. പരസ്യമായി നിയമത്തെ വെല്ലുവിളിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ലഹരി കേന്ദ്രം പൂട്ടാൻ പോലും നമ്മുടെ പോലീസിന് സാധിച്ചിട്ടില്ല എന്നും നാട്ടുകാർ പറയുന്നു.
Story Highlights: Children are using drugs at a place called ‘Theeram’ near Perandoor railway overbridge in Kochi.