വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില് എല്ഡിഎഫിന് പിഡിപിയുടെ പിന്തുണ തുടരും. എറണാകുളത്ത് ചേര്ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. മതേതര ചേരിക്കൊപ്പം നില്ക്കുമെന്ന നിലപാടിന്റെ ഭാഗമായാണ് എല്ഡിഎഫിനുള്ള പിന്തുണ തുടരുമെന്ന് പിഡിപി അറിയിച്ചത്.
കഴിഞ്ഞ മാസം സിപിഐഎം നേതാവ് പി ജയരാജന് പുസ്തകത്തിലൂടെ പിഡിപി അധ്യക്ഷന് അബ്ദുള് നാസര് മഅദനിക്കെതിരെ രൂക്ഷവിമര്ശനം ഉന്നയിച്ചിരുന്നു. മഅദനിയിലൂടെ യുവാക്കള് തീവ്രവാദത്തിലേക്ക് ആകര്ഷിക്കപ്പെട്ടുവെന്നും ബാബറി മസ്ജിദിന്റെ തകര്ച്ചക്ക് ശേഷമുളള മഅദനിയുടെ പ്രഭാഷണ പര്യടനത്തിന് ഇതില് പ്രധാന പങ്കുണ്ടെന്നുമായിരുന്നു ആരോപണം. ഈ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് പിഡിപി എല്ഡിഎഫിന് പിന്തുണ നല്കുന്ന കാര്യം പുനരാലോചിക്കാന് തീരുമാനിച്ചത്.
എന്നാല് പി ജയരാജന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് വിലയിരുത്തിയാണ് എല്ഡിഎഫിന് പിന്തുണ തുടരാന് പിഡിപി ഇപ്പോള് തീരുമാനമെടുത്തിരിക്കുന്നത്. പിഡിപിയോടോ മഅദനിയോടോ പാര്ട്ടിക്കോ മുന്നണിക്കോ മുഖ്യമന്ത്രിക്കോ സര്ക്കാരിനോ പി ജയരാജന്റെ നിലപാടല്ലെന്നാണ് പിഡിപി മനസിലാക്കുന്നത്. മുന് തെരഞ്ഞെടുപ്പുകളിലും പിഡിപി പിന്തുണ എല്ഡിഎഫിനായിരുന്നു. പാലക്കാട് മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണെന്ന വാദത്തെ പിഡിപി തള്ളുകയും മത്സരം യുഡിഎഫും എല്ഡിഎഫും തമ്മിലാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
Story Highlights: PDP to support LDF in Wayanad, Palakkad, and Chelakkara by-elections, continuing secular alliance