**പത്തനംതിട്ട◾:** അൽഷിമേഴ്സ് ബാധിതനായ 59-കാരനെ ക്രൂരമായി മർദ്ദിച്ചതിന് ഹോം നഴ്സിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കുന്നിക്കോട് സ്വദേശിയായ വിഷ്ണുവാണ് അറസ്റ്റിലായത്. ശശിധരൻ പിള്ള എന്നയാളെയാണ് വിഷ്ണു മർദ്ദിച്ചത്. മർദ്ദനമേറ്റ ശേഷം നഗ്നനാക്കി നിലത്തിട്ട് വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്.
പോലീസ് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. വിഷ്ണുവിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ലഹരിക്ക് അടിമപ്പെട്ടിരുന്നോ എന്നും എന്തിനാണ് ഈ ക്രൂരത കാണിച്ചതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ക്രൂരതയുടെ കാരണം പുറത്തുകൊണ്ടുവരണമെന്ന് വാർഡ് മെമ്പർ ആവശ്യപ്പെട്ടു.
അടൂരിലെ ഒരു ഏജൻസി വഴിയാണ് ഒന്നര മാസം മുമ്പ് വിഷ്ണുവിനെ ജോലിക്കെടുത്തതെന്ന് ബന്ധുക്കൾ പറഞ്ഞു. ഏജൻസിയുടെ പശ്ചാത്തലവും പോലീസ് പരിശോധിക്കുന്നുണ്ട്. ഏപ്രിൽ 22-ന് ശശിധരൻ പിള്ള വീണു പരുക്കേറ്റതായി തിരുവന്തപുരം പാറശ്ശാലയിലെ ബന്ധുക്കളെ വിഷ്ണു അറിയിച്ചിരുന്നു.
ആദ്യം അടൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരുമല ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. പരുക്കിൻറെ ഗുരുതരാവസ്ഥയിൽ സംശയം തോന്നിയ ബന്ധുക്കൾ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ക്രൂര മർദ്ദനത്തിൻ്റെ ദൃശ്യങ്ങൾ കണ്ടെത്തിയത്. ആന്തരിക രക്തസ്രാവമുൾപ്പെടെയുള്ള പരുക്കുകളോടെ ശശിധരൻ പിള്ള ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
Story Highlights: A home nurse was arrested in Pathanamthitta for brutally assaulting a 59-year-old Alzheimer’s patient.