പാറമേക്കാവ് ക്ഷേത്രത്തിലെ അഗ്രശാലയിൽ ഉണ്ടായ തീപിടുത്തം സംബന്ധിച്ച് പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിനെതിരെ പാറമേക്കാവ് ദേവസ്വം രംഗത്തെത്തി. യഥാർത്ഥ വസ്തുതകൾക്കും സംഭവങ്ങൾക്കും വിരുദ്ധമാണ് പോലീസ് എഫ്ഐആറെന്ന് ദേവസ്വം ആരോപിച്ചു. കേസിന്റെ ദിശ തിരിച്ചുവിടാൻ ആസൂത്രിതമായി ശ്രമം ഉണ്ടായോ എന്ന സംശയവും ദേവസ്വം ഉന്നയിച്ചു.
90 ശതമാനം പാള പ്ലേറ്റുകൾക്കും വിളക്കുകൾക്കും ഒന്നും സംഭവിച്ചിട്ടില്ലെന്ന് ദേവസ്വം വ്യക്തമാക്കി. എന്നാൽ പാള പ്ലേറ്റുകൾ കത്തിച്ചു എന്നാണ് എഫ്ഐആറിൽ പറയുന്നത്. ഫോറൻസിക്കിന് പുറമേ എക്സ്പ്ലോസീവ് വിഭാഗവും പരിശോധന നടത്തണമെന്ന് ദേവസ്വം ആവശ്യപ്പെട്ടു. തൃശ്ശൂർ പൂരം അട്ടിമറിയുമായി ബന്ധപ്പെട്ട ചർച്ചകളുടെ പശ്ചാത്തലത്തിൽ പാറമേക്കാവ് ക്ഷേത്രത്തിലുണ്ടായ സംഭവത്തെ ഗൗരവമായി കാണുന്നുവെന്നും ദേവസ്വം അറിയിച്ചു.
പൂര വിവാദവുമായി ഈ സംഭവത്തിന് ബന്ധമുണ്ടോ എന്നത് അന്വേഷണത്തിൽ മാത്രമേ വ്യക്തമാകൂ എന്ന് ദേവസ്വം പറഞ്ഞു. എന്നാൽ അത്തരമൊരു സംശയം നിലനിൽക്കുന്നുണ്ട്. ഷോട്ട് സർക്യൂട്ടിന് സാധ്യതയില്ലെന്നും തീപിടുത്തം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും ദേവസ്വം അധികൃതർ ആവശ്യപ്പെട്ടു. കഴിഞ്ഞ ഞായറാഴ്ച അഗ്രശാലയുടെ മുകളിലത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. നവരാത്രി ആഘോഷങ്ങൾ നടന്ന സ്ഥലത്താണ് തീപിടിച്ചത്. മൂന്ന് യൂണിറ്റ് അഗ്നിശമന സേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
Story Highlights: Paramekkavu Devaswom accuses police of filing inaccurate FIR in temple fire incident