പന്നിയങ്കര ടോൾ പ്ലാസയിൽ ഇന്ന് പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു. വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, വണ്ടാഴി, പാണഞ്ചേരി പഞ്ചായത്തുകളിലെ ജനങ്ങൾക്ക് സൗജന്യ യാത്ര തുടരുമെന്നും പി പി സുമോദ് എംഎൽഎ അറിയിച്ചു. ടോൾ പ്ലാസയുടെ അഞ്ച് കിലോമീറ്റർ പരിധിക്ക് പുറത്തുള്ളവർക്ക് തിങ്കളാഴ്ച മുതൽ മാസപാസ്സ് സംവിധാനം ഏർപ്പെടുത്തുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.
ശാശ്വത പരിഹാരത്തിനായി ഈ മാസം 28-ന് മുൻപ് കരാർ കമ്പനിയുമായി ചർച്ച നടത്തുമെന്ന് പി പി സുമോദ് എംഎൽഎ പറഞ്ഞു. ടോൾ പിരിക്കുന്നതിനെതിരെ ജനകീയ സമരസമിതികളും രാഷ്ട്രീയ സംഘടനകളും രംഗത്തെത്തിയിരുന്നു. നിലവിലുള്ള ആറ് പഞ്ചായത്തുകൾക്ക് സൗജന്യ യാത്ര തുടരണമെന്നായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം.
ടോൾ പ്ലാസയുടെ അഞ്ച് കിലോമീറ്റർ പരിധിക്ക് ഉള്ളിൽ താമസിക്കുന്നവർക്ക് സൗജന്യ യാത്രയും അതിനുമപ്പുറമുള്ള ആറ് പഞ്ചായത്തുകളിലെ ജനങ്ങൾക്ക് മാസപാസ്സ് സംവിധാനവുമാണ് ടോൾ കമ്പനി നിർദ്ദേശിച്ചിരിക്കുന്നത്. തിങ്കളാഴ്ച മുതൽ ടോൾ പ്ലാസയുടെ അഞ്ച് കിലോമീറ്ററിന് പുറത്തുള്ളവരിൽ നിന്നും ടോൾ പിരിക്കുമെന്ന് കമ്പനി അധികൃതർ നേരത്തെ അറിയിച്ചിരുന്നു. പി പി സുമോദ് എംഎൽഎയും ടോൾ കമ്പനി അധികൃതരുമായി നടത്തിയ അനൗദ്യോഗിക ചർച്ചയെ തുടർന്നാണ് ഇന്നത്തെ തീരുമാനം.
ടോൾ പിരിവിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രദേശവാസികളിൽ നിന്നുണ്ടായത്. പ്രദേശവാസികൾക്ക് സൗജന്യ യാത്ര അനുവദിക്കണമെന്നും അല്ലാത്തപക്ഷം ടോൾ പിരിക്കാൻ അനുവദിക്കില്ലെന്നും സമരസമിതികൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് എംഎൽഎയുടെ ഇടപെടൽ.
Story Highlights: Local residents will not be charged tolls at the Panniyankara Toll Plaza today.