പാലക്കാട് പന്നിയങ്കരയിലെ ടോൾ പ്ലാസ അധികൃതർ വിചിത്രമായ നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. മുൻധാരണ പ്രകാരം ഇതുവരെ സൗജന്യമായി കടന്നുപോയിരുന്ന സ്കൂൾ ബസുകൾക്ക് 2022 മുതലുള്ള ടോൾ തുക പലിശയടക്കം ചേർത്ത് തിരിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ്. തൃശ്ശൂർ എക്സ്പ്രസ് ലിമിറ്റഡ് എന്ന ടോൾ കമ്പനിയുടെ പേരിലാണ് ബസുടമകൾക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. മുപ്പതോളം വാഹന ഉടമകൾക്ക് നോട്ടീസ് ലഭിച്ചതായാണ് വിവരം.
2022 മാർച്ച് 9 മുതൽ 2024 സെപ്റ്റംബർ 9 വരെയുള്ള കാലയളവിലെ ടോൾ തുകയാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു ലക്ഷം രൂപ മുതൽ നാല് ലക്ഷം രൂപ വരെ 12 ശതമാനം പലിശയും ചേർത്ത് 15 ദിവസത്തിനകം അടയ്ക്കണമെന്നാണ് നിർദേശം. അടയ്ക്കാത്ത പക്ഷം ക്രിമിനൽ കേസ് ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നുണ്ട്.
ഈ ഭീമമായ തുക അടയ്ക്കാൻ ബസ് വിൽക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നാണ് ബസുടമകൾ പറയുന്നത്. നേരത്തെ മന്ത്രിതലത്തിൽ നടത്തിയ ചർച്ചയിൽ സ്കൂൾ ബസുകളെ ടോൾ പിരിവിൽ നിന്ന് ഒഴിവാക്കിയിരുന്നു. പിന്നീട് പിരിക്കാൻ തീരുമാനിച്ചപ്പോൾ വലിയ പ്രതിഷേധം ഉണ്ടായതിനെ തുടർന്ന് നിർത്തിവെക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും ഈ വിചിത്ര നടപടിയുമായി ടോൾ പ്ലാസ അധികൃതർ രംഗത്തെത്തിയിരിക്കുകയാണ്.
Story Highlights: Panniyankara toll plaza authorities issue legal notice to school bus owners demanding backdated toll fees with interest