പന്തളം നഗരസഭയിൽ ബിജെപി ഭരണത്തിന് അന്ത്യം കുറിച്ച് അധ്യക്ഷയും ഉപാധ്യക്ഷയും രാജിവച്ചു. നാളെ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കാനിരിക്കെയാണ് സുശീല സന്തോഷും യു. രമ്യയും സ്ഥാനങ്ങൾ ഒഴിഞ്ഞത്.
ബിജെപി നേതൃത്വത്തിലുള്ള പന്തളം നഗരസഭ ഭരണസമിതിക്കെതിരെ എൽഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. എൽഡിഎഫിലെ ഒമ്പത് അംഗങ്ങൾക്ക് പുറമേ ഒരു സ്വതന്ത്രനും ഒരു ബിജെപി കൗൺസിലറും ഉൾപ്പെടെ 11 കൗൺസിലർമാരാണ് അവിശ്വാസ നോട്ടീസിൽ ഒപ്പുവച്ചത്. സ്വതന്ത്രനായ അഡ്വ. രാധാകൃഷ്ണൻ ഉണ്ണിത്താനും ബിജെപി കൗൺസിലർ കെ.വി. പ്രഭയും നോട്ടീസിൽ പങ്കുചേർന്നു.
അടുത്തിടെ, ഭരണ സമിതിയെ വിമർശിച്ചതിന് ബിജെപി കൗൺസിലറായ കെ.വി. പ്രഭയെ പാർട്ടി അംഗത്വത്തിൽ നിന്ന് നീക്കം ചെയ്തിരുന്നു. പാലക്കാട് മണ്ഡലത്തിൽ തോറ്റ ബിജെപി സ്ഥാനാർഥി കൃഷ്ണകുമാറിനായിരുന്നു പന്തളം നഗരസഭയിലെ പാർട്ടി ചുമതല. എന്നാൽ, പന്തളത്തെ പാർട്ടി തകർച്ചയുടെ കാരണക്കാരൻ കൃഷ്ണകുമാർ ആണെന്ന് കൗൺസിലർമാർ ഉൾപ്പെടെയുള്ളവർ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് നഗരസഭാ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവയ്ക്കാൻ നിർബന്ധിതരായത്. ഇതോടെ പന്തളം നഗരസഭയിലെ ബിജെപി ഭരണത്തിന് അന്ത്യം കുറിക്കുകയാണ്.
Story Highlights: BJP-ruled Pandalam Municipality chairperson and vice-chairperson resign ahead of no-confidence motion