പാലക്കാട് വാഹനാപകടത്തിൽ അഞ്ച് പേർ മരണമടഞ്ഞ സംഭവത്തിൽ പുതിയ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് വെളിപ്പെടുത്തിയതനുസരിച്ച്, അപകടത്തിൽപ്പെട്ട കാർ അമിത വേഗതയിലും റോങ് സൈഡിലൂടെയുമാണ് സഞ്ചരിച്ചിരുന്നത്. കാറിൽ നിന്ന് മദ്യകുപ്പികൾ കണ്ടെത്തിയതായും, മരിച്ചവരുടെ രക്തസാമ്പിൾ പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ രാത്രി 10.38ന് നടന്ന അപകടത്തിൽ കാറും ലോറിയും കൂട്ടിയിടിച്ചാണ് അഞ്ചുപേർ മരിച്ചത്. സംഭവസ്ഥലത്ത് വെച്ച് നാലുപേരും ആശുപത്രിയിൽ വെച്ച് ഒരാളുമാണ് മരണമടഞ്ഞത്. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കാർ ലോറിയിലേക്ക് ഇടിച്ചുകയറുന്നതായി കാണാം. കല്ലടിക്കോട് പോലീസ് കേസെടുത്തിട്ടുണ്ട്.
മരിച്ചവരെല്ലാം സിപിഐഎം പ്രവർത്തകരാണെന്ന് റിപ്പോർട്ടുകളുണ്ട്. കോങ്ങാട് സ്വദേശികളായ വിജേഷ്(35), വിഷ്ണു(28), മുഹമ്മദ് അഫ്സൽ(17), വീണ്ടപ്പാറ സ്വദേശി രമേശ്(31), മഹേഷ് (27) എന്നിവരാണ് മരിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങൾ ഒരുമിച്ച് കോങ്ങാട് ബസ്റ്റാന്റ് പരിസരത്ത് പൊതുദർശനത്തിന് വച്ചിട്ടുണ്ട്. പഞ്ചായത്താണ് പൊതുദർശനം സംഘടിപ്പിക്കുന്നത്.
Story Highlights: Palakkad car accident: Police confirm overspeeding and wrong-side driving, alcohol bottles found in car