പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് വൈകിട്ട് ആറിന് അവസാനിക്കും. ഒന്നര മാസം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശമാണ് ഇന്ന് നടക്കുന്നത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന ഈ മണ്ഡലത്തിൽ അവസാന വട്ട വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് മുന്നണികൾ. ഉച്ചയ്ക്ക് ശേഷം സ്റ്റേഡിയം ബസ് സ്റ്റാൻഡ് റോഡിലാണ് മൂന്ന് മുന്നണികളുടെയും കൊട്ടിക്കലാശം നടക്കുക.
മേഴ്‌സി കോളജിന് സമീപത്തുനിന്നാണ് എൻഡിഎയുടെ റോഡ് ഷോ ആരംഭിക്കുന്നത്. യാക്കര ഭാഗത്തുനിന്ന് യുഡിഎഫിന്റെയും നാലുമണിയോടെ സുൽത്താൻ പേട്ടയിൽ നിന്ന് എൽഡിഎഫിന്റെയും റോഡ് ഷോകൾ നടക്കും. യുഡിഎഫ് സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിലും എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി ഡോ. പി. സരിനും എൻഡിഎ സ്ഥാനാർത്ഥിയായി സി. കൃഷ്ണകുമാറുമാണ് മത്സരിക്കുന്നത്. മറ്റന്നാളാണ് പാലക്കാട് വിധിയെഴുതുന്നത്.
കോൺഗ്രസിനുള്ളിലെ പൊട്ടിത്തെറി, സിപിഐഎം ഉയർത്തിയ നീലട്രോളി വിവാദം, ബിജെപിയുമായുള്ള സന്ദീപ് വാര്യരുടെ അകൽച്ച, സന്ദീപിന്റെ കോൺഗ്രസ് പ്രവേശം എന്നിങ്ങനെ വിവാദങ്ങൾക്ക് പഞ്ഞമില്ലാതിരുന്ന പാലക്കാടൻ പ്രചാരണ നാളുകൾ മറ്റ് രണ്ട് ഉപതെരഞ്ഞെടുപ്പുകളേക്കാൾ കൂടുതൽ മാധ്യമശ്രദ്ധ ആകർഷിച്ചിരുന്നു. വോട്ടർ പട്ടികയിലെ വ്യാജന്മാരെ കണ്ടെത്തിയില്ലെങ്കിൽ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് ഇന്ന് സിപിഐഎം അറിയിച്ചിട്ടുണ്ട്.
Story Highlights: Palakkad by-election campaign concludes with triangular contest and controversies