പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം കൊട്ടിക്കലാശിച്ചു. മൂന്ന് മുന്നണികളുടെയും കൊട്ടിക്കലാശം പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം സന്ദീപ് വാര്യരും രമേശ് പിഷാരടിയും അണിനിരന്നു. എൽഡിഎഫ് സ്ഥാനാർഥി ഡോ. പി സരിനു വേണ്ടി എംബി രാജേഷും എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാറിന് വേണ്ടി ശോഭ സുരേന്ദ്രനും കളത്തിലിറങ്ങി. ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ്. മറ്റന്നാൾ പോളിംഗ് ബൂത്തിലെത്തും.
പാലക്കാടിന്റെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ ത്രികോണ പോരാട്ടം നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ സർവ്വ സന്നാഹങ്ങളും ഒരുക്കിയാണ് മുന്നണികൾ കളം നിറഞ്ഞത്. വിവാദങ്ങൾ, അപ്രതീക്ഷിത ട്വിസ്റ്റുകൾ, ഡോ പി സരിൻ എൽഡിഎഫ് സ്ഥാനാർത്ഥിയായതു മുതൽ ബിജെപിയുടെ മുഖമായി നിന്നിരുന്ന സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് എത്തിയതിന് വരെ പാലക്കാട് സാക്ഷ്യം വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ക്യാമ്പ് ചെയ്താണ് എൽ.ഡി.എഫ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്.
സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശത്തിൽ കറങ്ങുകയാണ് പ്രചാരണത്തിന്റെ അവസാന ദിനങ്ങൾ. സന്ദീപിന്റെ വരവ് തിരഞ്ഞെടുപ്പിൽ ആവേശം ഉണ്ടാക്കിയിട്ടുണ്ടെന്ന് രാഹുൽമാങ്കൂട്ടത്തിൽ പറഞ്ഞു. എന്നാൽ തെരഞ്ഞെടുപ്പിൽ ഇതൊന്നും പ്രതിഫലിക്കില്ലെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി പി. സരിൻ അഭിപ്രായപ്പെട്ടു. യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോ ഒലവക്കോട് നിന്നും, എൽഡിഎഫ് സ്ഥാനാർത്ഥിയുടേത് സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും, ബിജെപി സ്ഥാനാർത്ഥിയുടേത് മേലാമുറി ജങ്ഷനിൽ നിന്നുമാണ് ആരംഭിച്ചത്.
Story Highlights: Palakkad by-election campaign concludes with grand finale, setting stage for intense triangular contest