പാലക്കാട് ഉപതിരഞ്ഞെടുപ്പ്: 16 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു, രാഹുൽ മാങ്കൂട്ടത്തിലിന് രണ്ട് അപരന്മാർ

Anjana

Palakkad by-election candidates

പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന് ആകെ 16 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. പത്രികാ സമർപ്പണം പൂർത്തിയായ സാഹചര്യത്തിൽ, യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് രണ്ട് അപരന്മാർ ഉണ്ടെന്നത് ശ്രദ്ധേയമാണ്. ആർ രാഹുൽ, രാഹുൽ ആർ മണലടി എന്നിവരാണ് അപരന്മാരായി പത്രിക നൽകിയത്. തിരഞ്ഞെടുപ്പിന് മുൻപ് പാലക്കാട് താമസം തുടങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ, ഇന്നലെ രാവിലെ വീടിന്റെ പാൽ കാച്ചൽ ചടങ്ങ് നടത്തി. അമ്മ ബീനയാണ് പാലുകാച്ചിയത്, തുടർന്ന് രാഹുലിന് ഒരു കല്യാണം കൂടി വേണമെന്ന് അമ്മ പറഞ്ഞു.

എൽഡിഎഫ് സ്ഥാനാർത്ഥി പി സരിനും യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും ഇന്നലെ നാമനിർദേശ പത്രിക സമർപ്പിച്ചു. പാലക്കാട് ആർഡി ഓഫീസിലെത്തി ആർഡിഒ എസ് ശ്രീജിത്ത് മുമ്പാകെയാണ് ഇരുവരും പത്രിക സമർപ്പിച്ചത്. സിപിഐഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു, സിപിഐ ജില്ലാ സെക്രട്ടറി കെപി സുരേഷ് രാജ് ഉൾപ്പെടെയുള്ള നേതാക്കൾക്ക് ഒപ്പമാണ് സരിൻ പത്രിക നൽകിയത്. സരിന് കെട്ടിവയ്ക്കാനുള്ള തുക ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി കൈമാറി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വി കെ ശ്രീകണ്ഠൻ എംപി, ഷാഫി പറമ്പിൽ എംപി, എൻ ഷംസുദ്ദീൻ എംഎൽഎ, ഡിസിസി പ്രസിഡണ്ട് എ തങ്കപ്പൻ, ജില്ലാ യുഡിഎഫ് ചെയർമാൻ മരക്കാർ മാരായമംഗലം എന്നിവർക്ക് ഒപ്പമാണ് രാഹുൽ മാങ്കൂട്ടത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തിയത്. എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ കഴിഞ്ഞ ദിവസം നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. കല്ലടിക്കോട് വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ പ്രകടനം ഉൾപ്പെടെയുള്ള പരിപാടികൾ ഒഴിവാക്കിയായിരുന്നു പത്രിക സമർപ്പണം. മേലാമുറി പച്ചക്കറി മാർക്കറ്റിലെ തൊഴിലാളികളാണ് സ്ഥാനാർത്ഥിക്ക് തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക നൽകിയത്.

Story Highlights: 16 candidates file nominations for Palakkad by-election, including UDF’s Rahul Mankootathil with two namesakes

Leave a Comment