പാലക്കാട് കല്ലടിക്കോട്ടിൽ സിമന്റ് ലോറി പാഞ്ഞുകയറി നാല് വിദ്യാർത്ഥിനികൾ മരണപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. ഈ അപകടം ഞെട്ടിക്കുന്നതും ദാരുണവുമാണെന്ന് അദ്ദേഹം പറഞ്ഞു. പരുക്കേറ്റ എല്ലാ കുട്ടികൾക്കും അടിയന്തിര ചികിത്സ നൽകുന്നതിന് സർക്കാർ സംവിധാനങ്ങൾ ഏകോപിച്ച് പ്രവർത്തിക്കുമെന്നും, അപകടം സംബന്ധിച്ച് വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, കല്ലടിക്കോട് കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികൾ മരിച്ച സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ പാലക്കാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയതായി അറിയിച്ചു. അദ്ദേഹം പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് സംഭവസ്ഥലത്തേക്ക് പോകാൻ നിർദ്ദേശം നൽകി.
അപകടം നടന്നയിടത്ത് നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. നിരന്തരം അപകടം ഉണ്ടാകുന്നതിലാണ് നാട്ടുകാരുടെ പ്രതിഷേധം. റോഡിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. താത്കാലിക പരിഹാരം വേണ്ടയെന്നും നാട്ടുകാർ പറയുന്നു. പരിഹാരം കണ്ടില്ലെങ്കിൽ ഒരു വാഹനവും കടത്തിവിടില്ലെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.
പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിനികളായ നിദ, റിദ, ഇർഫാന, ആയിഷ എന്നിവരാണ് പനയംപാടത്തുണ്ടായ അപകടത്തിൽ മരിച്ചത്. എതിർദിശയിൽ സിമന്റ് കയറ്റിവന്ന ലോറി നിയന്ത്രണം തെറ്റി കുട്ടികൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഗുരുതരമായി പരുക്കേറ്റ ഒരുകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
Story Highlights: Kerala CM Pinarayi Vijayan expresses condolences over tragic accident in Palakkad that killed four students