പഞ്ചാബിൽ നിന്ന് രണ്ട് പാകിസ്ഥാൻ ചാരന്മാരെ പിടികൂടിയതായി പഞ്ചാബ് പോലീസ് അറിയിച്ചു. അതിർത്തി കടന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ പാകിസ്താൻ റേഞ്ചറെ ബിഎസ്എഫ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് പുതിയ സംഭവം. പിടിയിലായവരിൽ നിന്ന് സൈന്യത്തിന്റെ നീക്കങ്ങളുടെ ചിത്രങ്ങളും വ്യോമസേനാ താവളത്തിന്റെ ചിത്രങ്ങളും പാകിസ്ഥാനിലേക്ക് കൈമാറിയതായി കണ്ടെത്തി.
പിടിയിലായ ചാരന്മാരുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. രണ്ട് ദിവസത്തിനിടെ പിടിയിലാകുന്ന മൂന്നാമത്തെ പാകിസ്ഥാൻ ചാരനാണിത്. കഴിഞ്ഞ ദിവസം രാജസ്ഥാനിൽ നിന്ന് പിടികൂടിയ ചാരൻ സൈന്യത്തിന്റെ നീക്കങ്ങൾ പാകിസ്ഥാനിലേക്ക് കൈമാറിയിരുന്നതായി കണ്ടെത്തിയിരുന്നു.
അതിർത്തി കടന്നതിനെ തുടർന്ന് പാകിസ്താൻ റേഞ്ചറെ ബിഎസ്എഫ് കസ്റ്റഡിയിലെടുത്തിരുന്നു. ബഹാവൽനഗർ, ഡോംഗ് ബോംഗ് – സുഖൻവാല ചെക്ക്പോസ്റ്റിനടുത്തുനിന്നാണ് പാക് റേഞ്ചറെ പിടികൂടിയതെന്ന് പാകിസ്താൻ വാദിക്കുന്നു. എന്നാൽ, അതിർത്തി ലംഘിച്ചാണ് പാക് റേഞ്ചർ ഇന്ത്യയിലേക്ക് കടന്നതെന്ന് ബിഎസ്എഫ് വ്യക്തമാക്കി.
പിടിയിലായ പാക് റേഞ്ചറെ ബിഎസ്എഫ് ചോദ്യം ചെയ്തുവരികയാണ്. ബിഎസ്എഫ് കോൺസ്റ്റബിൾ ഒരാഴ്ചയിലേറെയായി പാകിസ്ഥാൻ കസ്റ്റഡിയിൽ തുടരുന്നതിനിടെയാണ് പാക് ജവാൻ പിടിയിലായിരിക്കുന്നത്. അബദ്ധത്തിൽ അതിർത്തി കടന്ന് പാകിസ്ഥാനിലേക്ക് കടന്ന ബിഎസ്എഫ് കോൺസ്റ്റബിൾ പൂർണം കുമാർ ഷായെയാണ് പാകിസ്ഥാൻ കസ്റ്റഡിയിലെടുത്തത്.
Story Highlights: Two Pakistani spies were arrested near the India-Pakistan border in Punjab for transmitting images of Indian Air Force base and army movements.