അട്ടാരി-വാഗാ അതിർത്തിയിൽ കുടുങ്ങിക്കിടന്ന സ്വന്തം പൗരന്മാരെ പാകിസ്താൻ തിരികെ കൊണ്ടുപോയി. ഇന്നലെ മുതൽ അതിർത്തിയിൽ കുടുങ്ങി കിടന്നവരെയാണ് യാതൊരു വിശദീകരണവുമില്ലാതെ പാകിസ്താൻ തടഞ്ഞുവച്ചിരുന്നത്. അനുവദിച്ച സമയം കഴിഞ്ഞിട്ടും പാക് പൗരൻമാരെ മടങ്ങാൻ ഇന്ത്യ അനുവദിച്ചിരുന്നു. എന്നാൽ പാകിസ്താൻ അതിർത്തി തുറക്കാത്തതിനെതിരെ വലിയ പ്രതിഷേധങ്ങളും ഉയർന്നിരുന്നു.
ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർക്ക് ജീവൻ നഷ്ടമായിരുന്നു. ഇതിനെത്തുടർന്ന് ഹ്രസ്വകാല വിസയിലുള്ള എല്ലാ പാകിസ്താൻ പൗരന്മാരും രാജ്യം വിടണമെന്ന് ഇന്ത്യ നിർദേശിച്ചു. അതിർത്തിയിൽ യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്.
എട്ടാം ദിനവും നിയന്ത്രണ രേഖയ്ക്ക് സമീപം പാക് പോസ്റ്റുകളിൽ നിന്ന് വെടിവെപ്പ് ഉണ്ടായി. കുപ്വാര, ബാരമുള്ള, പൂഞ്ച്, അഖ്നൂർ സെക്ടറുകളിലാണ് വെടിവെപ്പ് നടന്നത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. പാക് സൈനിക മേധാവി അതിർത്തി മേഖല സന്ദർശിക്കുകയും പാകിസ്താന്റെ സൈനികാഭ്യാസം നിരീക്ഷിക്കുകയും ചെയ്തു.
ലാഹോറിനും ഇസ്ലാമാബാദിനും പിന്നാലെ കൂടുതൽ നഗരങ്ങളിൽ നോ ഫ്ലൈ സോൺ പ്രഖ്യാപിച്ചു. ഡ്രോണുകളടക്കം വെടിവെച്ചിടുമെന്ന് പാകിസ്താൻ മുന്നറിയിപ്പ് നൽകി. ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഇന്ത്യയെ വെല്ലുവിളിക്കുകയും ചെയ്തു. യുദ്ധം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നു.
Story Highlights: Pakistan opened the Wagah border for its citizens stranded at the Attari-Wagah border after protests.