കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ ഷിരൂരിൽ പതിനൊന്നാം ദിവസത്തിലേക്ക് കടന്നു. സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും എ കെ ശശീന്ദ്രനും ഇന്ന് ഷിരൂരിലെത്തി ക്യാമ്പ് ചെയ്യും. അർജുനെ കണ്ടെത്തുംവരെ തിരച്ചിൽ തുടരുമെന്നും സാധ്യമായതെല്ലാം ചെയ്യുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
ശക്തമായ മഴ തുടരുന്നതിനാൽ ഗംഗാവലി പുഴയിൽ കനത്ത അടിയൊഴുക്കുണ്ട്. ഇത് കുറയാൻ കാത്തിരിക്കണമെന്നും മറ്റ് വഴികളില്ലെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. കാലാവസ്ഥ പ്രതികൂലമായതിനാൽ ഡ്രെഡ്ജർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ എത്തിക്കാൻ കഴിയുന്നില്ല. ഇന്നു മുതൽ മൂന്നു ദിവസം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ശക്തമായ അടിയൊഴുക്ക് രക്ഷാദൗത്യത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നു.
അർജുന്റെ ട്രക്കിന്റെ സ്ഥാനം കണ്ടെത്തിയെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ അത് പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. കാലാവസ്ഥ അനുകൂലമായാൽ മാത്രമേ സ്കൂബ ഡൈവർമാർക്ക് നദിയിൽ ഇറങ്ങാൻ കഴിയൂ. ഇന്നലെ രാത്രി ഡ്രോൺ പരിശോധനയും തടസ്സപ്പെട്ടു. ഒടുവിൽ നടത്തിയ പരിശോധനയിലും പുഴയ്ക്കടിയിൽ മനുഷ്യസാന്നിധ്യം സ്ഥിരീകരിക്കാനായില്ല. റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്റെ നേതൃത്വത്തിലുള്ള ഡ്രോൺ പരിശോധന ഇന്നും തുടരും.