പ്രിയ ഗായകൻ പി. ജയചന്ദ്രന് അന്ത്യോപചാരം അർപ്പിക്കാൻ ആയിരങ്ങൾ പൂങ്കുന്നത്തെ വീട്ടിലും സംഗീത നാടക അക്കാദമിയിലെ റീജിയണൽ തിയേറ്ററിലും ഒഴുകിയെത്തി. പഞ്ചപതിറ്റാണ്ടിലേറെ മലയാള സംഗീത ലോകത്ത് നിറഞ്ഞുനിന്ന ജയചന്ദ്രന്റെ വിയോഗത്തിൽ അനുശോചന പ്രവാഹമാണ്. മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി ആർ. ബിന്ദു പുഷ്പചക്രം സമർപ്പിച്ചു. കൈരളിക്ക് വേണ്ടി ടി.ആർ.അജയൻ പുഷ്പചക്രം സമർപ്പിച്ചു.
പൂങ്കുന്നത്തെ വീട്ടിലെ പൊതുദർശനത്തിന് ശേഷം സംഗീത നാടക അക്കാദമിയിലെ റീജിയണൽ തിയേറ്ററിലേക്ക് മൃതദേഹം മാറ്റി. അഞ്ചു പതിറ്റാണ്ടിലേറെയായി സംഗീതപ്രേമികളെ ആനന്ദിപ്പിച്ച ഗായകനെ അവസാനമായി ഒരു നോക്ക് കാണാൻ നിരവധി പേർ രാവിലെ തന്നെ വീട്ടിലെത്തിയിരുന്നു. മന്ത്രിമാരായ ആർ. ബിന്ദു, കെ. രാജൻ, എ.കെ. ശശീന്ദ്രൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.എം. സുധീരൻ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.
അമല ആശുപത്രിയിൽ നിന്ന് കുടുംബാംഗങ്ങളും മുൻ മന്ത്രി വി.എസ്. സുനിൽകുമാറും ജയരാജ് വാര്യരും ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. നടൻ മമ്മൂട്ടി, ചലച്ചിത്ര പ്രവർത്തകരായ സത്യൻ അന്തിക്കാട്, കമൽ, സിബി മലയിൽ, നടൻ ബിജു മേനോൻ, രമേഷ് പിഷാരടി, ഗായകൻ എം.ജി. ശ്രീകുമാർ, സംഗീത സംവിധായകൻ എം. ജയചന്ദ്രൻ എന്നിവരും അന്ത്യോപചാരമർപ്പിക്കാനെത്തി. രാവിലെ ഒമ്പതരയോടെയാണ് ആശുപത്രിയിൽ നിന്ന് പൂങ്കുന്നത്തെ വീട്ടിലേക്ക് മൃതദേഹം എത്തിച്ചത്.
സമൂഹത്തിന്റെ നാനാതുറയിൽ നിന്നുള്ളവർ ജയചന്ദ്രനെ അവസാനമായി ഒരുനോക്ക് കാണാൻ തിയേറ്ററിലേക്ക് ഒഴുകിയെത്തി. മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി പൂങ്കുന്നത്തെ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു. ശനിയാഴ്ച വൈകീട്ട് 3.30ന് പറവൂർ ചേന്ദമംഗലം പാലിയം വീട്ടിൽ സംസ്കാരം നടക്കും.
ശനിയാഴ്ച രാവിലെ മൃതദേഹം ചേന്ദമംഗലത്തേക്ക് കൊണ്ടുപോകും. ഭാവഗായകനെ അവസാനമായി കാണാൻ നിരവധി പേർ രാവിലെ തന്നെ വീട്ടിലേക്കെത്തിയിരുന്നു. ജയചന്ദ്രന്റെ മൃതദേഹം രാവിലെ ഒമ്പതരയോടെയാണ് ആശുപത്രിയിൽ നിന്ന് പൂങ്കുന്നത്തെ വീട്ടിലെത്തിച്ചത്.
Story Highlights: Thousands gathered to pay their last respects to beloved Malayalam singer P. Jayachandran.