അതിഥി തൊഴിലാളിയായ അമ്മയ്ക്കും കുഞ്ഞിനും ജീവൻ രക്ഷിച്ച് ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രം

Anjana

പാലക്കാട് ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ അതിഥി തൊഴിലാളിയായ ഒരു അമ്മയ്ക്കും കുഞ്ഞിനും അത്യാവശ്യ സഹായം നൽകി. പ്രസവത്തിന് 20 ദിവസം ബാക്കിയുള്ളപ്പോൾ തൊഴിലിടത്തിൽ വച്ച് പ്രസവിച്ച കർണാടക സ്വദേശിനിയായ 26 വയസ്സുകാരിക്കാണ് ആരോഗ്യ പ്രവർത്തകർ സഹായമെത്തിച്ചത്. അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ച ആരോഗ്യ പ്രവർത്തകരെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

തൊഴിലിടത്തിൽ വച്ച് പെട്ടെന്ന് പ്രസവ വേദന അനുഭവപ്പെട്ട യുവതി പ്രസവിച്ചപ്പോൾ, സൂപ്പർവൈസർ ആശാ പ്രവർത്തകയെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ ആശാ പ്രവർത്തക പൊക്കിൾക്കൊടി ബന്ധം വേർപെടുത്താൻ കഴിയാതെ നിസ്സഹായാവസ്ഥയിലുള്ള അമ്മയെയും കുഞ്ഞിനെയും കണ്ടു. ഉടൻ തന്നെ ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രത്തെ വിവരമറിയിച്ചു. മെഡിക്കൽ ഓഫീസർ കനിവ് 108 ആംബുലൻസ് വിളിച്ച് വേണ്ട സജ്ജീകരണങ്ങളൊരുക്കി. സ്റ്റാഫ് നഴ്സ്, എംഎൽഎസ്പി, ജെഎച്ച്ഐ എന്നിവർ സ്ഥലത്തെത്തി പ്രാഥമിക ശുശ്രൂഷ നൽകി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മെഡിക്കൽ ഓഫീസറും പബ്ലിക് ഹെൽത്ത് നഴ്സും സ്ഥലത്തെത്തി പൊക്കിൾക്കൊടി വേർപെടുത്തി. അമ്മയെയും കുഞ്ഞിനെയും കനിവ് 108 ആംബുലൻസിൽ ചിറ്റൂർ താലൂക്കാശുപത്രിയിലെത്തിച്ചു. ജെപിഎച്ച്എൻ, ആശാ പ്രവർത്തക, അങ്കണവാടി വർക്കർ എന്നിവർ വൈകുന്നേരം വരെ അമ്മയ്ക്കും കുഞ്ഞിനും വേണ്ട സൗകര്യങ്ങൾ നൽകി. ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രം രാജ്യത്തെ ആദ്യ രണ്ട് ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികളിലൊന്നാണ്. 2022ൽ കയകൽപ്പ് അവാർഡ്, കാഷ് അക്രഡിറ്റേഷൻ, എൻക്യൂഎഎസ്, ഐഎസ്ഒ സർട്ടിഫിക്കേഷൻ തുടങ്ങിയ അംഗീകാരങ്ങൾ നേടിയ സ്ഥാപനം കൂടിയാണിത്.