സർക്കാരിന്റെ മദ്യനയത്തിനെതിരെ രൂക്ഷവിമർശനവുമായി ഓർത്തഡോക്സ് സഭ രംഗത്തെത്തി. മദ്യ ഉപഭോഗം കുറയ്ക്കുമെന്ന വാഗ്ദാനവുമായി അധികാരത്തിലെത്തിയ സർക്കാർ മദ്യത്തിന്റെ ലഭ്യത വർധിപ്പിക്കുന്ന നിലപാട് ഖേദകരമാണെന്ന് സഭാ നേതൃത്വം ചൂണ്ടിക്കാട്ടി. കഴിഞ്ഞ 9 വർഷത്തിനിടെ സംസ്ഥാനത്ത് ബാറുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായതായും സഭ ആരോപിച്ചു.
ഓർത്തഡോക്സ് സഭ മദ്യ വർജ്ജന സമിതി പ്രസിഡന്റ് യൂഹാനോൻ മാർ പോളികാർപ്പോസ് സർക്കാരിന്റെ നിലപാടിനെ രൂക്ഷമായി വിമർശിച്ചു. കുടം കമിഴ്ത്തി വെച്ച് വെള്ളമൊഴിക്കുന്നതിന് തുല്യമാണ് സർക്കാരിന്റെ നടപടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ടൂറിസം മേഖലയെ മറയാക്കി ആർക്കും മദ്യക്കച്ചവടം നടത്താമെന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ലഹരി ഉപയോഗം കേരളത്തെ കാർന്ന് തിന്നുന്ന സാഹചര്യത്തിൽ മദ്യമൊഴുക്ക് യുവ സമൂഹത്തെ തകർക്കുമെന്ന് സഭ ആശങ്ക പ്രകടിപ്പിച്ചു. ലഹരിക്കെതിരെ ക്യാമ്പയിൻ നടത്തിയ സർക്കാർ തന്നെ മദ്യം സുലഭമാക്കുന്നത് കാപട്യമാണെന്നും സഭ കുറ്റപ്പെടുത്തി. മദ്യനയം തിരുത്താൻ സർക്കാർ തയ്യാറാകണമെന്നും അല്ലാത്തപക്ഷം വലിയ പ്രതിഷേധങ്ങൾ ഉയർന്നുവരുമെന്നും സഭ മുന്നറിയിപ്പ് നൽകി.
സർക്കാരിന്റെ മദ്യനയത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തി. മദ്യനയം സർക്കാരിന്റെ കാപട്യമാണെന്ന് അദ്ദേഹം ആവർത്തിച്ചു. കെഎസ്ഇബിസി അടക്കമുള്ള സംഘടനകളും സർക്കാരിന്റെ മദ്യനയത്തിനെതിരെ നിലപാടെടുത്തിട്ടുണ്ട്. മദ്യനയത്തിൽ തിരുത്തൽ വരുത്തണമെന്ന ആവശ്യം ശക്തമാകുകയാണ്.
Story Highlights: The Orthodox Church has strongly criticized the Kerala government’s liquor policy, calling it hypocritical and detrimental to the youth.