കേരളത്തിലെ മദ്യനയത്തിൽ സുപ്രധാന മാറ്റങ്ങൾ വരുത്തി പുതിയ നയം മന്ത്രിസഭ അംഗീകരിച്ചു. ടൂറിസം മേഖലയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് ത്രീ സ്റ്റാർ ഹോട്ടലുകൾക്ക് മുകളിലുള്ളവയിൽ ഒന്നാം തീയതി മദ്യം വിളമ്പാൻ അനുമതി നൽകുന്നതിനൊപ്പം കള്ളുഷാപ്പുകളുടെ പ്രവർത്തനത്തിലും ഭേദഗതികൾ വരുത്തിയിട്ടുണ്ട്.
വിനോദ സഞ്ചാര മേഖലയെ കൂടുതൽ സജീവമാക്കുന്നതിനായി ക്രൂയിസ് ബോട്ടുകൾ പോലുള്ള പ്രത്യേക വിനോദസഞ്ചാര വാഹനങ്ങളിൽ മദ്യം വിളമ്പുന്നതിന് അനുമതി നൽകിയിട്ടുണ്ട്. ഹൗസ് ബോട്ടുകൾക്ക് ഈ ഇളവ് ബാധകമല്ല. ത്രീ സ്റ്റാർ വരെയുള്ള ഹോട്ടലുകളിൽ കള്ളും വിളമ്പാൻ അനുമതി നൽകിയിട്ടുണ്ട്. ഹോട്ടലുകൾക്ക് സമീപത്തുള്ള കള്ളുഷാപ്പുകളിൽ നിന്ന് കള്ളു വാങ്ങി വേണം വിളമ്പേണ്ടത്.
ഡ്രൈ ഡേകളിൽ പ്രത്യേക ഫീസ് അടച്ച് ത്രീ സ്റ്റാർ വരെയുള്ള ഹോട്ടലുകൾക്ക് മദ്യം വിളമ്പുന്നതിനുള്ള ഇളവ് അനുവദിച്ചിട്ടുണ്ട്. ടൂറിസം കോൺഫറൻസുകളോ ഇവെന്റുകളോ ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ എക്സൈസ് കമ്മീഷണർക്ക് അപേക്ഷ നൽകി അരലക്ഷം രൂപ ഫീസ് അടച്ച് ഈ ഇളവ് ലഭ്യമാക്കാം. ബാർ ലൈസൻസ് ഫീസിലും ബാറിന്റെ പ്രവർത്തന സമയത്തിലും മാറ്റമില്ല.
കള്ള് ഷാപ്പുകളോട് ചേർന്ന് പ്രവർത്തിക്കുന്ന ഭക്ഷണശാലകളിൽ കള്ളു വിളമ്പുന്നതിന് അനുമതി നൽകിയിട്ടുണ്ട്. കൂടാതെ, ലേലത്തിൽ വിറ്റുപോകാത്ത കള്ളു ഷാപ്പുകൾ തൊഴിലാളികളുടെ സംഘത്തിന് ഏറ്റെടുത്ത് നടത്താനും അനുമതി നൽകി. കുപ്പിയിലാക്കിയ കള്ളും മൂല്യവർദ്ധിത കള്ളുൽപ്പന്നങ്ങളും കയറ്റുമതി ചെയ്യുന്നതിനും പുതിയ നയം അനുമതി നൽകുന്നു.
Story Highlights: Kerala cabinet approves new liquor policy with provisions for tourism and toddy shops.