വിഴിഞ്ഞം തുറമുഖം യുഡിഎഫിന്റെ കുഞ്ഞാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രസ്താവിച്ചു. ഉമ്മൻചാണ്ടിയുടെ നിശ്ചയദാർഢ്യത്തിന്റെ ഫലമാണ് വിഴിഞ്ഞം തുറമുഖമെന്നും, ക്രെഡിറ്റ് യുഡിഎഫിന് പോകുമോ എന്ന ഭയം കൊണ്ട് പ്രതിപക്ഷത്തെ മനപ്പൂർവ്വം മാറ്റിനിർത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു. എൽഡിഎഫ് മുന്നയിച്ച അഴിമതി ആരോപണങ്ങൾക്ക് ജുഡീഷ്യൽ കമ്മീഷൻ ഉമ്മൻചാണ്ടിക്ക് ക്ലീൻചിറ്റ് നൽകിയതായും സതീശൻ ചൂണ്ടിക്കാട്ടി.
സർക്കാരിന്റെ നടപടികൾ ക്രെഡിറ്റ് എടുക്കാനുള്ള തന്ത്രമാണെന്ന് വിഡി സതീശൻ വിമർശിച്ചു. 5595 കോടിയാണ് സംസ്ഥാന വിഹിതമെങ്കിലും ഇതുവരെ 884 കോടി മാത്രമാണ് സർക്കാർ നൽകിയതെന്നും, ഇതിൽ എന്താണ് അഭിമാനിക്കാനുള്ളതെന്നും അദ്ദേഹം ചോദിച്ചു. എല്ലാ നടപടികളും പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനം ആരംഭിച്ചത് ഉമ്മൻചാണ്ടി സർക്കാരാണെന്നും സതീശൻ വ്യക്തമാക്കി.
അതേസമയം, വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ആവശ്യപ്പെട്ടു. ഉമ്മൻചാണ്ടിയുടെ നിശ്ചയദാർഢ്യം കൊണ്ട് മാത്രമാണ് വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർത്ഥ്യമായതെന്നും, പിണറായി സർക്കാർ മനപ്പൂർവം അത് തമസ്കരിക്കുന്നുവെന്നും സുധാകരൻ കുറ്റപ്പെടുത്തി. പ്രതിപക്ഷത്തെ ക്ഷണിക്കാതിരുന്നത് സർക്കാരിന്റെ ഔചിത്യമാണെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.