രാഷ്ട്രീയപരമായ കാരണങ്ങളാൽ പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്രപര്യടനം മാറ്റിവെച്ചു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷ സാധ്യത കണക്കിലെടുത്താണ് ഈ തീരുമാനം. മെയ് 13 മുതൽ 17 വരെ നടത്താൻ നിശ്ചയിച്ചിരുന്ന ക്രൊയേഷ്യ, നെതർലാൻഡ്സ്, നോർവേ എന്നീ രാജ്യങ്ങളിലേക്കുള്ള സന്ദർശനങ്ങളാണ് മാറ്റിവെച്ചത്. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം പുതിയ തീയതികൾ പ്രഖ്യാപിക്കും.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാസമിതി യോഗം പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്നു. പ്രതിരോധമന്ത്രിയും ആഭ്യന്തരമന്ത്രിയും യോഗത്തിൽ പങ്കെടുത്തു. രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി നോർത്ത് സൗത്ത് ബ്ലോക്കുകളുടെ സുരക്ഷാചുമതല സൈന്യം ഏറ്റെടുത്തു. അർദ്ധ സൈനിക വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ അവധികൾ റദ്ദാക്കുകയും അവരെ തിരികെ വിളിക്കുകയും ചെയ്തു.
ഓപ്പറേഷൻ സിന്ദൂർ, പഹൽഗാം ആക്രമണത്തിനുള്ള മറുപടിയാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. വിദേശകാര്യ സെക്രട്ടറി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഒമ്പത് ഭീകര ക്യാമ്പുകൾ തകർത്തെന്നും അധികൃതർ അറിയിച്ചു.
ഇരുപത്തിനാല് മിസൈലുകൾ ഉപയോഗിച്ചാണ് ഒമ്പതിടങ്ങളിലെ ഭീകര ക്യാമ്പുകൾ തകർത്തതെന്ന് അധികൃതർ വിശദീകരിച്ചു. ഇരുപത്തിയഞ്ച് മിനിറ്റിനുള്ളിൽ ലക്ഷ്യം കണ്ടു. അജ്മൽ കസബ് ഉൾപ്പെടെയുള്ളവർ പരിശീലനം നേടിയ ഭീകരകേന്ദ്രം തകർത്തു തരിപ്പണമാക്കി. സൈനിക നടപടികൾ പ്രതിരോധ സെക്രട്ടറി വിക്രം മിശ്രിക്കൊപ്പം കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങ്ങും വിശദീകരിച്ചു.
ഇന്ത്യൻ തിരിച്ചടിയിൽ കൊടുംഭീകരൻ മസൂദ് അസറിൻ്റെ സഹോദരി ഉൾപ്പെടെ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. മസൂദ് അസർ തന്നെയാണ് പ്രസ്താവനയിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. ലഷ്കർ ഭീകരൻ സഹൈൻ മഖ്സൂദും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ ആക്രമണം നടത്തിയതെന്ന് പ്രതിരോധ സെക്രട്ടറി അറിയിച്ചു. പഹൽഗാം ആക്രമണത്തിന് പിന്നിൽ ലഷ്കർ-ഇ-ത്വയ്ബയാണെന്നും സ്ഥിരീകരിച്ചു. പാകിസ്താൻ ഇപ്പോഴും ഭീകരതയുടെ സ്വർഗ്ഗമാണെന്ന് വിക്രം മിശ്രി കൂട്ടിച്ചേർത്തു. സാഹസത്തിന് മുതിർന്നാൽ തിരിച്ചടിക്കുമെന്നും സേന മുന്നറിയിപ്പ് നൽകി.
Story Highlights: ഇന്ത്യ-പാക് സംഘർഷം: പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്രപര്യടനം മാറ്റിവെച്ചു.