ഊട്ടി നഗരസഭാ കമ്മീഷണർ ജഹാംഗിർ പാഷയെ വിജിലൻസ് അറസ്റ്റ് ചെയ്തു. കാറിൽ നിന്നും 11.70 ലക്ഷം രൂപ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. ഊട്ടിയിൽ നിന്ന് കോത്തഗിരി വഴി ചെന്നൈയിലെ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. അഴിമതി ആരോപണം നേരിട്ടിരുന്ന കമ്മീഷണറെ വിജിലൻസ് സംഘം രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു.
അടുത്തിടെയാണ് ജഹാംഗിർ പാഷ തേനി നഗരസഭാ കമ്മിഷണർ സ്ഥാനത്തു നിന്ന് ഊട്ടിയിലേക്ക് സ്ഥലം മാറി എത്തിയത്. മലയോര മേഖലയായ ഊട്ടിയിൽ നിരവധി നിബന്ധനകളുണ്ട്. എന്നാൽ, ജഹാംഗിർ പാഷ എത്തിയതിനു ശേഷം ഇതിൽ വലിയ രീതിയിൽ വിട്ടുവീഴ്ച ചെയ്തിട്ടുണ്ടെന്ന് ആരോപണമുണ്ട്. ഒരു വസ്ത്ര നിർമാണ ശാലയ്ക്ക് ചട്ടം ലംഘിച്ച് പാർക്കിങ് കേന്ദ്രം തുറക്കാൻ അനുമതി നൽകിയതായും പരാതി ഉയർന്നിരുന്നു.
കഴിഞ്ഞ ദിവസം രാത്രി കമ്മിഷണർ കാറിൽ നാട്ടിലേക്ക് പോകുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് വിജിലൻസ് സംഘം പിന്തുടർന്നു. കോത്തഗിരി റൂട്ടിൽ ദോഡബേട്ടയ്ക്ക് സമീപം കാർ തടഞ്ഞ് പരിശോധന നടത്തിയപ്പോഴാണ് പണം കണ്ടെത്തിയത്. പണത്തിന്റെ ഉറവിടത്തെക്കുറിച്ച് കൃത്യമായ മറുപടി നൽകാതിരുന്നതോടെ കമ്മിഷണറെ നഗരസഭാ ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
Story Highlights: Ooty Municipal Commissioner arrested by Vigilance for corruption, Rs 11.70 lakh seized from car