കേന്ദ്ര സർക്കാർ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മദ്യത്തിന്റെ ഹോം ഡെലിവറി പരിഗണിക്കുന്നു. കേരളം, തമിഴ്നാട്, ഡൽഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ പൈലറ്റ് പദ്ധതി നടപ്പിലാക്കാനാണ് ആലോചന. ബിയർ, വൈൻ എന്നിവ ഓൺലൈൻ ആപ്പുകൾ വഴി വീട്ടിലെത്തിക്കാനുള്ള പദ്ധതി അന്തിമഘട്ടത്തിലാണ്. നിലവിൽ ഒഡിഷയിലും പശ്ചിമ ബംഗാളിലും മാത്രമാണ് മദ്യത്തിന് ഹോം ഡെലിവറി ഉള്ളത്.
സ്വിഗ്ഗി, സൊമാറ്റോ, ബിഗ് ബാസ്കറ്റ് തുടങ്ങിയ ഓൺലൈൻ ഡെലിവറി ആപ്ലിക്കേഷനുകൾ വഴി മദ്യം ഡെലിവറി ആരംഭിച്ചേക്കുമെന്ന് വ്യവസായ വൃത്തങ്ങളെ ഉദ്ധരിച്ച് എക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കേരളത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് ഡെലിവറി പ്ളാറ്റ്ഫോം കമ്പനികളുടെ നിര്ദേശത്തില് സംസ്ഥാന സര്ക്കാരിന്റെ തീരുമാനമാണ് നിര്ണായകമാകുക.
ആദ്യഘട്ടത്തിൽ ബിയർ, വൈൻ അടക്കം കുറഞ്ഞ അളവിൽ ലഹരിയടങ്ങിയ മദ്യമായിരിക്കും വിതരണം ചെയ്യുക. ഓൺലൈൻ വഴിയുള്ള മദ്യ വിൽപ്പന നടപ്പിലാക്കുമ്പോൾ സുരക്ഷ ഉറപ്പു വരുത്തുമെന്നും പ്രായപരിധി ഉറപ്പാക്കപ്പെടുമെന്നും സ്വിഗ്ഗി കോർപ്പറേറ്റ് അഫയേഴ്സ് വൈസ് പ്രസിഡന്റ് ദിങ്കെർ വശിഷ്ഠ് പറഞ്ഞു. ഈ പദ്ധതി നടപ്പിലാക്കുന്നതോടെ മദ്യത്തിന്റെ ലഭ്യത കൂടുതൽ എളുപ്പമാകുമെന്ന് പ്രതീക്ഷിക്കുന്നു.