ഹരിപ്പാട് ഗവ. ആശുപത്രിയിലെ വനിതാ ഡോക്ടർ ജയിൻ ജേക്കബിനെതിരെ പ്രസവ ശസ്ത്രക്രിയയിൽ വീഴ്ച വരുത്തിയതിന് ഹരിപ്പാട് പൊലീസ് കേസെടുത്തു. ആലപ്പുഴ പെണ്ണൂക്കര സ്വദേശിനിയായ 28 കാരിയുടെ വയറ്റിനുള്ളിൽ പഞ്ഞിശേഖരം വച്ച് തുന്നിക്കെട്ടിയതാണ് കേസിനാധാരം.
കഴിഞ്ഞ മാസം 23-ാം തീയതി പ്രസവ വേദനയെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്നു രാത്രിതന്നെ സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്തെടുത്തു. ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിക്ക് രക്തം കട്ടപിടിക്കുന്നതുൾപ്പടെ ആരോഗ്യ പ്രശ്നങ്ങളുണ്ടായി.
രക്തക്കുറവ് കണ്ടെത്തിയതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ നിന്ന് രക്തം എത്തിച്ചു നൽകിയെങ്കിലും ശാരീരിക അവശതകൾ മാറിയില്ല. 26-ാം തീയതിയോടെ സ്റ്റിച്ചിട്ട ഭാഗത്തുനിന്ന് അമിതമായി രക്തസ്രാവം ഉണ്ടായി. തുടർന്ന് 27-ാം തീയതി വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ചു.
ഇവിടെ വച്ച് സ്കാനിങ് നടത്തിയെങ്കിലും ചില കാര്യങ്ങൾ അധികൃതർ വ്യക്തമാക്കിയില്ല. രണ്ടാഴ്ചയ്ക്കിടെ രണ്ട് ഓപ്പൺ സർജറികൾ നടത്തേണ്ടി വന്നു. രണ്ടാമത്തെ സർജറിക്ക് ശേഷമാണ് പഞ്ഞിയും തുണിയുമടക്കമുള്ള മെഡിക്കൽ വേസ്റ്റ് വയറ്റിൽ നിന്നു പുറത്തെടുത്തത്.
ശസ്ത്രക്രിയ കഴിഞ്ഞ് സ്റ്റിച്ചിട്ടതിനു ശേഷം ശരീരം മുഴുവൻ നീര് വന്നിരുന്നുവെന്നും വേദനയും നടുവേദനയും കാരണം കുഞ്ഞിന് മുലപ്പാൽ കൊടുക്കാൻ പോലും സാധിക്കാത്ത വിധത്തിൽ ബുദ്ധിമുട്ട് നേരിട്ടുവെന്നും യുവതി പറഞ്ഞു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് യുവതിയുടെ മാതാവ് ആരോഗ്യമന്ത്രിക്കു പരാതി നൽകി.
Story Highlights: Doctor faces police case for negligence in obstetric surgery at Haripad Government Hospital