പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്ത്ഥി അമ്മുവിന്റെ മരണത്തിലെ അന്വേഷണത്തില് പൂര്ണ തൃപ്തിയുണ്ടെന്ന് അമ്മുവിന്റെ പിതാവ് സജീവ് ട്വന്റിഫോറിനോട് പ്രതികരിച്ചു. അമ്മുവിനെ മാനസികമായി പീഡിപ്പിച്ചതില് കസ്റ്റഡിയിലെടുത്ത മൂന്ന് സഹപാഠികളുടേയും അറസ്റ്റ് രേഖപ്പെടുത്തണമെന്നാണ് താന് ആഗ്രഹിക്കുന്നതെന്ന് പിതാവ് വ്യക്തമാക്കി. കോളജില് പരാതി നല്കിയത് അന്വേഷിക്കാന് പ്രിന്സിപ്പല് വിളിച്ചപ്പോള് അവസാനം പോലും അമ്മു ആ കുട്ടികളോട് തന്നെ ജീവിക്കാന് വിട്ടാല് മാത്രം മതിയെന്നാണ് കൈകൂപ്പി അപേക്ഷിച്ചതെന്നും സജീവ് കൂട്ടിച്ചേര്ത്തു.
അമ്മുവിനെ ആശുപത്രിയിലെത്തിക്കാന് വൈകിയ സംഭവത്തിലുള്പ്പെടെ അന്വേഷണം വേണമെന്ന് അമ്മുവിന്റെ പിതാവ് ആവശ്യപ്പെട്ടു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തില് പൂര്ണ തൃപ്തിയാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച വന്നിരുന്നെങ്കില് അമ്മുവിനെ ഒപ്പം വിടാമായിരുന്നല്ലോ എന്നാണ് കഴിഞ്ഞ ദിവസം പ്രിന്സിപ്പല് പറഞ്ഞതെന്നും, അന്ന് അസുഖസംബന്ധമായ ചില കാര്യങ്ങളുള്ളതിനാല് താന് വരില്ലെന്ന് പ്രിന്സിപ്പാളിന് നല്ല ബോധ്യമുണ്ടായിരുന്നെന്നും അമ്മുവിന്റെ പിതാവ് വ്യക്തമാക്കി.
അമ്മുവിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് സഹപാഠികളെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ഇവര്ക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയേക്കും. പത്തനാപുരം സ്വദേശിയായ ഒരു വിദ്യാര്ത്ഥിനിയേയും കോട്ടയം സ്വദേശികളായ രണ്ടുപേരെയുമാണ് പൊലീസ് ഇവരുടെ വീടുകളില് ചെന്ന് കസ്റ്റഡിയിലെടുത്തത്. അമ്മുവിനെ സഹപാഠികളില് ചിലര് മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പിതാവ് സജീവ് നേരത്തെ കോളജ് പ്രന്സിപ്പലിന് പരാതി നല്കിയിരുന്നെങ്കിലും കോളജ് ഈ പരാതി ഗൗരവത്തിലെടുത്തില്ലെന്ന് ആരോപണമുണ്ട്. അമ്മുവിന്റെ മരണത്തില് നീതി ഉറപ്പാക്കാന് ഒപ്പം നില്ക്കുന്നതിന് അദ്ദേഹം ട്വന്റിഫോറിന് നന്ദിയും രേഖപ്പെടുത്തി.
Story Highlights: Nursing student Ammu’s father expresses satisfaction with investigation, demands arrest of three classmates for mental harassment