ഏറെ വർഷത്തെ കാത്തിരിപ്പിനും ഗവേഷണങ്ങൾക്കും ഒടുവിൽ പുതിയ ഫോൺ പുറത്തിറക്കിയ നത്തിങ്ങിന് കനത്ത തിരിച്ചടി. ഈ വർഷത്തെ ട്രെൻഡിങ് മീമുകളെക്കാൾ ട്രോളുകൾ ഏറ്റുവാങ്ങുകയാണ് ഏറ്റവും പുതിയ നത്തിങ് ഫോൺ 3. തങ്ങളുടെ വ്യത്യസ്തമായ ആശയങ്ങൾ നടപ്പാക്കാൻ ഇനി നത്തിങ് മടിക്കും. കാരണം, വിപണിയിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചവർക്കാണ് ഈ തിരിച്ചടി ഉണ്ടായിരിക്കുന്നത്.
ആകർഷകമായ ഡിസൈനും മികച്ച കാമറയും പ്രീമിയം ഓപ്പറേറ്റിങ് സിസ്റ്റവുമൊക്കെയായി സ്മാർട്ട്ഫോൺ വിപണിയിൽ പുതിയ ട്രെൻഡിന് തുടക്കമിട്ടത് നത്തിങ്ങും സി.ഇ.ഒ കാൾ പേയും ചേർന്നാണ്. എന്നാൽ, ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ നത്തിങ് ഫോൺ 3എ പ്രോയുടെ വിചിത്രമായ ഡിസൈൻ വിമർശനങ്ങൾക്ക് ഇടയാക്കി. സോഷ്യൽ മീഡിയയിൽ ആളുകൾ പരിഹസിച്ചു കൊണ്ട് ഇത് അമിത വ്യത്യസ്തതയാണോ എന്ന് ചോദിച്ചു.
വിമർശനങ്ങളിൽ തളരാതെ മുന്നോട്ട് പോയെങ്കിലും ഇന്നലത്തെ റിലീസിൽ നത്തിങ്ങിന് പിഴച്ചു. ടെക് ലോകവും ആരാധകരും ഒരുപോലെ കാത്തിരുന്ന ഫോൺ ഡിസൈനിലും വിലയിലുമുള്ള നിരാശയാണ് സമ്മാനിച്ചത്. 1260 x 2800 റെസല്യൂഷനോടുകൂടിയ 6.67 ഇഞ്ച് ഫ്ലെക്സിബിൾ AMOLED ഡിസ്പ്ലേ ഇതിന് പ്രധാന സവിശേഷതയാണ്.
ബാക്ക് ക്യാമറ പാനൽ അത്ര പുതുമയുള്ളതായിരുന്നില്ലെങ്കിലും 35000 രൂപയുടെ മിഡ് റേഞ്ച് ഫോണുകളിൽ കാണുന്ന പല ഫീച്ചറുകളും ഇല്ലാതെ 12+256 ജിബി വേരിയന്റിന് 79999 രൂപയാണ് വില. ഇതാണ് സോഷ്യൽ മീഡിയയിൽ ട്രോളുകൾക്ക് പ്രധാന കാരണമായത്. നത്തിങ് ഫോണിന്റെ എക്സ് പേജിലെ കമന്റ് ബോക്സിൽ ആരാധകർ പ്രതിഷേധം അറിയിച്ചു.
ശ്രദ്ധേയമായ കാര്യം എന്തെന്നാൽ, ഐക്യുഒ (നിയോ 10), പോക്കോ (എഫ് 7) തുടങ്ങിയ കമ്പനികൾ ഇതേ ചിപ്പ് സെറ്റുള്ള ഫോണുകൾ 35,000 രൂപയിൽ താഴെ വിലയ്ക്ക് നൽകുന്നുണ്ട്. സ്നാപ്ഡ്രാഗൺ 8എസ് ജെൻ 4 ചിപ്പ് സെറ്റാണ് ഈ ഫോണിന്റെ കരുത്ത്. 50 എംപി ടെലിസ്കോപ് അടക്കമുള്ള ട്രിപ്പിൾ റിയർ കാമറ സെറ്റപ്പും 65 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5500 എംഎഎച്ച് ബാറ്ററിയും ഇതിലുണ്ട്.
കൂടാതെ, വൺപ്ലസ്, റിയൽമി, ഷവോമി തുടങ്ങിയ ഫോണുകൾ 65000 രൂപയിൽ താഴെ സ്നാപ്ഡ്രാഗണിന്റെ ഏറ്റവും പുതിയ 8 എലൈറ്റ് ചിപ്പ്സെറ്റുമായി വിപണിയിൽ ലഭ്യമാണ്. ഈ സാഹചര്യത്തിലാണ് നത്തിങ് തങ്ങളുടെ പുതിയ ഫോണുമായി എത്തുന്നത്. വിപണിയിലുള്ള പല ഫോണുകളും 6000 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയും 80 വാട്ട് അതിവേഗ ചാർജിങ് പിന്തുണയും 144 Hz റീഫ്രഷ് റേറ്റുമുള്ള ഡിസ്പ്ലേയും വാഗ്ദാനം ചെയ്യുന്നു. എന്നാൽ, നത്തിങ് ഈ കാര്യങ്ങളിൽ പിന്നിലാണ്. ഫോണിനൊപ്പം ചാർജർ ലഭ്യമല്ലാത്തതും ഒരു പോരായ്മയാണ്.
മിഡ് റേഞ്ച് ഫോണുകളോട് കിടപിടിക്കാവുന്ന ഫീച്ചറുകൾ മാത്രം വെച്ച് ഫ്ലാഗ്ഷിപ്പ് ഫോണുകളുടെ വിലയിട്ട് വിപണിയിലിറക്കുന്നത് ഉചിതമാണോ എന്നാണ് ടെക് വിദഗ്ദ്ധർ ചോദിക്കുന്നത്. നത്തിങ്ങിന്റെ വ്യത്യസ്തമായ മാർക്കറ്റിംഗ് തന്ത്രങ്ങളിലൂടെ ഫോൺ 3 വിപണിയിൽ വിജയം നേടുമോ എന്ന് ഉറ്റുനോക്കുകയാണ് സൈബർ ലോകം. നതിങ് ഓ എസ് 3 .5 ആണ് ഇതിലെ ഓപ്പറേറ്റിംഗ് സിസ്റ്റം .
story_highlight:പുതിയ നത്തിങ് ഫോൺ 3യുടെ ഉയർന്ന വിലയും ഫീച്ചറുകളും സോഷ്യൽ മീഡിയയിൽ ട്രോളുകൾക്ക് കാരണമാകുന്നു.