നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസി കേരളീയരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പ്രവാസി സഹകരണ സംഘങ്ങൾക്ക് നോർക്ക റൂട്ട്സ് മുഖേന ധനസഹായം ലഭിക്കാനുള്ള അവസരമുണ്ട്. ഒറ്റത്തവണയായി മൂന്നു ലക്ഷം രൂപയാണ് ധനസഹായമായി ലഭിക്കുക. അപേക്ഷാ ഫോറം നോർക്ക-റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org ൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
പൂരിപ്പിച്ച അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം 2024 ഒക്ടോബർ 30 നകം നോർക്ക-റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് തപാൽ മാർഗം സമർപ്പിക്കേണ്ടതാണ്. ഭരണസമിതി തീരുമാനം, പദ്ധതി രേഖ, പുതിയ ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ്, താൽക്കാലിക കടധനപട്ടിക എന്നിവയാണ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട പ്രധാന രേഖകൾ.
സഹകരണ സംഘങ്ങളുടെ അടച്ചു തീർത്ത ഓഹരി മൂലധനത്തിന്റെ അഞ്ച് ഇരട്ടിക്ക് സമാനമായ തുകയോ പരമാവധി ഒരു ലക്ഷം രൂപയോ ഏതാണോ കുറവ്, അത് ഷെയർ പാരിറ്റിയായും രണ്ടു ലക്ഷം രൂപ പ്രവർത്തന മൂലധനവുമായി നൽകും. അപേക്ഷിക്കുന്ന സമയത്ത് സംഘത്തിൽ കുറഞ്ഞത് 50 അംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം. രജിസ്ട്രേഷന് ശേഷം രണ്ടു വർഷം പൂർത്തിയായിരിക്കുകയും, എ, ബി ക്ലാസ് അംഗങ്ങൾ പ്രവാസികൾ അല്ലെങ്കിൽ തിരിച്ചു വന്നവരായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Story Highlights: NORKA ROOTS offers financial assistance to non-resident cooperatives, applications open until October 30