വയനാട് ഡിസിസി മുൻ ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിനെതിരെ കുടുംബം രംഗത്ത്. നേതാക്കളുടെ അവഗണനയും നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതുമാണ് കുടുംബത്തിന്റെ പ്രധാന ആരോപണം. മെയ് മാസത്തിനകം നീക്കുപോക്കുണ്ടാകുമെന്നായിരുന്നു പ്രതീക്ഷയെന്നും എന്നാൽ ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും കുടുംബം ട്വന്റിഫോറിനോട് പറഞ്ഞു. ചെയ്തുതരാൻ കഴിയുന്ന കാര്യങ്ങൾ വ്യക്തമാക്കണമെന്നും അല്ലാത്തവ നേതൃത്വം തുറന്നു പറയണമെന്നും കുടുംബം ആവശ്യപ്പെട്ടു.
എൻ.എം. വിജയന്റെ മരണശേഷം കുടുംബത്തിന് സംരക്ഷണം വാഗ്ദാനം ചെയ്ത പ്രിയങ്ക ഗാന്ധിയെ കാണാൻ പോലും അവസരം നൽകുന്നില്ലെന്ന് മരുമകൾ പത്മജ ആരോപിച്ചു. പ്രിയങ്ക ഗാന്ധിയെ കാണാൻ അനുവദിച്ചില്ലെങ്കിൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തേണ്ടിവരുമെന്നും പത്മജ മുന്നറിയിപ്പ് നൽകി. വിജയൻ കോൺഗ്രസ് പാർട്ടിയെ സ്നേഹിച്ചിരുന്ന വ്യക്തിയാണെന്നും അദ്ദേഹം സമ്പാദിച്ചതെല്ലാം മക്കൾക്ക് അവകാശപ്പെട്ടതാണെന്നും പത്മജ പറഞ്ഞു. ഒരു അമ്മ എന്ന നിലയിൽ തന്റെ പോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കി.
കുടുംബത്തിന്റെ കാര്യങ്ങൾ ചർച്ച ചെയ്യാൻ നേതൃത്വം ചുമതലപ്പെടുത്തിയ എംഎൽഎയുമായി സംസാരിച്ചിട്ടുണ്ടെന്നും കുടുംബം അറിയിച്ചു. വിജയൻ മരിച്ച് 129 ദിവസമായെന്നും ദിവസവും ബാങ്കിൽ നിന്നും സ്വകാര്യ ഇടപാടുകാരുമായി ആളുകൾ വീട്ടിലേക്ക് എത്തുന്നുണ്ടെന്നും കുടുംബം പറഞ്ഞു. വീട്ടിലെത്തി കണ്ട നേതാക്കൾ ഇപ്പോൾ ഫോൺ പോലും എടുക്കുന്നില്ലെന്നും തെരുവിൽ അലയേണ്ട അവസ്ഥയാണെന്നും പത്മജ പറഞ്ഞു. രണ്ടര കോടിയിലധികം രൂപയുടെ ബാധ്യതയുണ്ടെന്നും എന്തെങ്കിലും സംഭവിച്ചാൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ആയിരിക്കും ഉത്തരവാദിയെന്നും പത്മജ കൂട്ടിച്ചേർത്തു. പത്ത് ദിവസത്തിനകം പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും കുടുംബം വ്യക്തമാക്കി.
ബത്തേരിയിൽ വനം വകുപ്പ് ഓഫീസിൽ പ്രിയങ്ക ഗാന്ധി എത്തുന്നതറിഞ്ഞാണ് എൻ.എം. വിജയന്റെ മകനും കുടുംബവും അവിടെയെത്തിയത്. പ്രിയങ്കയെ കാണാൻ ആദ്യം അനുമതി നിഷേധിച്ചെങ്കിലും പിന്നീട് കാണാമെന്ന് അറിയിച്ച് ഓഫീസ് കോമ്പൗണ്ടിൽ പ്രവേശിപ്പിച്ചു. എന്നാൽ, പ്രിയങ്കയെ കാണാൻ കുടുംബത്തിന് അവസരം ലഭിച്ചില്ല.
Story Highlights: The family of former Wayanad DCC treasurer NM Vijayan, who died by suicide, alleges Congress leadership neglect and unfulfilled promises.