എൻഐആർഎഫ് റാങ്കിംഗിൽ നെഗറ്റീവ് മാർക്കിംഗ് ഏർപ്പെടുത്താൻ ഒരുങ്ങുന്നു. പിൻവലിക്കപ്പെട്ട ഗവേഷണ പ്രബന്ധങ്ങൾ, കൃത്യമായ ഉറവിടമില്ലാത്ത പ്രബന്ധങ്ങൾ, കോപ്പിയടി എന്നിവയ്ക്ക് നെഗറ്റീവ് മാർക്ക് നൽകാനാണ് തീരുമാനം. റാങ്കിംഗ് രീതി കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ആണ് NIRF ന്റെ പത്താം പതിപ്പ് പുറത്തിറക്കിയത്.
റാങ്കിംഗിലെ പുതിയ മാറ്റങ്ങളെക്കുറിച്ച് എൻഐആർഎഫ് കൈകാര്യം ചെയ്യുന്ന ഏജൻസിയായ നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷന്റെ (NBA) ചെയർമാനായ അനിൽ സഹസ്രബുദ്ധെ വിശദീകരിച്ചു. ഗവേഷണത്തിലെ പിഴവുകൾക്കും ഡാറ്റ തെറ്റായി അവതരിപ്പിക്കുന്നതിനും എതിരെ നടപടിയെടുക്കുന്നതിനായി റാങ്കിംഗ് രീതിശാസ്ത്രത്തിൽ ആദ്യമായി പിഴകൾ ഔപചാരികമായി ഉൾപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ദുരുപയോഗം തടയുന്നതിന് പിഴവുകൾ ഔദ്യോഗികമായി ഉൾപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നെഗറ്റീവ് മാർക്കിംഗ് സംവിധാനം ഉടൻ പ്രഖ്യാപിക്കുമെന്നും കരട് മാനദണ്ഡങ്ങൾ തയ്യാറാക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
2024-ലെ സൈക്കിളിൽ 8,700-ൽ അധികം സ്ഥാപനങ്ങൾ പങ്കെടുത്തുവെന്നും എൻഐആർഎഫ് അധികൃതർ അറിയിച്ചു. അധ്യാപനവും പഠനവും, ബിരുദ ഫലങ്ങൾ, ഗവേഷണം, ഔട്ട്റീച്ച്, കാഴ്ചപ്പാട് എന്നീ അഞ്ച് പ്രധാന മാനദണ്ഡങ്ങളിലാണ് എൻ.ഐ.ആർ.എഫ് സ്ഥാപനങ്ങളെ വിലയിരുത്തുന്നത്. ഈ റാങ്കിംഗുകൾ വിദ്യാർത്ഥികൾക്കും നിയമനം നൽകുന്നവർക്കും നയരൂപകർത്താക്കൾക്കും ഒരു പ്രധാന റഫറൻസ് പോയിന്റായി മാറിയിട്ടുണ്ട്.
തുടക്കം മുതൽ NIRF അതിന്റെ മൂല്യനിർണ്ണയ പ്രക്രിയയിൽ നെഗറ്റീവ് വെയ്റ്റേജ് ഏർപ്പെടുത്തിയിട്ടില്ല. റാങ്കിങ് സംവിധാനത്തിന്റെ സുതാര്യത ചോദ്യം ചെയ്ത് ഏപ്രിലിൽ മദ്രാസ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിക്കപ്പെട്ടിരുന്നു. ആദ്യമായാണ് റാങ്കിങ് രീതിയിൽ നെഗറ്റീവ് വെയ്റ്റേജ് ഉൾപ്പെടുത്തുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവരുടെ വെബ്സൈറ്റിൽ നൽകുന്ന വിവരങ്ങളെ മാത്രം അടിസ്ഥാനമാക്കിയാണ് എൻഐആർഎഫ് റാങ്കിങ്ങുകൾ കണക്കാക്കുന്നതെന്നും കൃത്യമായ പരിശോധന നടക്കുന്നില്ലെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. എന്നാൽ വിദഗ്ദ്ധ സമിതി നിർദ്ദേശിച്ച “ശാസ്ത്രീയ രീതി” അനുസരിച്ചാണ് എൻഐആർഎഫ് റാങ്കിങ് പട്ടിക പ്രസിദ്ധീകരിക്കുന്നത് എന്ന് കേന്ദ്രം അറിയിച്ചതിനെതുടർന്ന് കോടതി സ്റ്റേ നീക്കം ചെയ്തു.
നെഗറ്റീവ് മാർക്കിംഗ് ഏർപ്പെടുത്തുന്നത് ഗവേഷണത്തിലെ ഉത്തരവാദിത്തം വർദ്ധിപ്പിക്കുകയും ഇന്ത്യയിൽ ഏറ്റവും കൂടുതൽ പിന്തുടരുന്ന റാങ്കിംഗ് സംവിധാനങ്ങളിലൊന്നിന്റെ വിശ്വാസ്യത ശക്തിപ്പെടുത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. അതിനാൽ തന്നെ പുതിയ രീതി കൂടുതൽ പ്രയോജനകരമാകും എന്ന് കരുതുന്നു.
ALSO READ: ബ്യൂട്ടി തെറാപ്പി പഠിക്കാൻ ആഗ്രഹം ഉണ്ടോ: ഇപ്പോൾ അപേക്ഷിക്കാം
Story Highlights: NIRF is introducing negative marking for retracted research papers and plagiarism to enhance transparency and responsibility in research.