മലപ്പുറം ജില്ലയിൽ 24 വയസുകാരനായ യുവാവിന് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞ യുവാവ് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. മെഡിക്കൽ ഓഫീസർ നടത്തിയ മരണാനന്തര പരിശോധനയിലാണ് നിപ വൈറസ് സംശയിച്ചത്. തുടർന്ന് സാമ്പിളുകൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയച്ച് പരിശോധിച്ചപ്പോൾ പോസിറ്റീവ് ആയിരുന്നു.
ഇക്കാര്യം അറിഞ്ഞ ഉടൻ തന്നെ ആരോഗ്യവകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര ഉന്നതതല യോഗം ചേർന്നു. പ്രോട്ടോക്കോൾ പ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകി. 16 കമ്മിറ്റികൾ രൂപീകരിക്കുകയും സാമ്പിളുകൾ പൂനെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുകയും ചെയ്തു. ഇതിലാണ് നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
മരണമടഞ്ഞ യുവാവ് ബാംഗ്ലൂരിൽ വിദ്യാർത്ഥിയായിരുന്നു. 151 പേരാണ് പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളത്. നാല് സ്വകാര്യ ആശുപത്രികളിൽ അദ്ദേഹം ചികിത്സ തേടിയിരുന്നു. സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്തിട്ടുമുണ്ട്. നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഐസൊലേഷനിലുള്ള അഞ്ച് പേർക്ക് ലഘുവായ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി അറിയിച്ചു.
Story Highlights: Nipah virus confirmed in 24-year-old man who died in Malappuram, Kerala; health authorities implement preventive measures