നിപ വൈറസ് ബാധ സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയായ 14 വയസ്സുകാരന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നതിനായി പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഈ സംഘം കുട്ടിയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് ആരോഗ്യമന്ത്രി വീണ ജോർജിനെ നിരന്തരം അറിയിക്കുന്നുണ്ട്.
നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രോഗിക്കൊപ്പം ഒരാളിൽ കൂടുതൽ സന്ദർശകരെ അനുവദിക്കുന്നില്ല. ആശുപത്രിയിലെത്തുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. കുട്ടിയുടെ സമ്പർക്ക പട്ടികയിലുള്ള നാലുപേർ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയയ്ക്കും.
കുട്ടിയുടെ സഞ്ചാര പഥം ആരോഗ്യ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. സെപ്റ്റംബർ 11 മുതൽ 15 വരെ കുട്ടി സന്ദർശിച്ച സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ സമയത്ത് കുട്ടിയുമായി സമ്പർക്കം പുലർത്തിയവർ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ വകുപ്പ് അഭ്യർത്ഥിച്ചിട്ടുണ്ട്. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇന്നു മുതൽ നിലവിൽ വരും.