മലപ്പുറം ജില്ലയിൽ നിപ രോഗബാധയുമായി ബന്ധപ്പെട്ട് 267 പേരെ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. 37 പേരുടെ സാമ്പിൾ നെഗറ്റീവായി. എം പോക്സ് രോഗിയുടെ നില തൃപ്തികരമാണെന്നും മന്ത്രി വ്യക്തമാക്കി.
രോഗി വന്ന വിമാനത്തിൽ 43 പേർ സമ്പർക്കത്തിലുണ്ട്. രോഗി ഇരുന്നതിന് മൂന്ന് നിര പിന്നിലും മുന്നിലുമുള്ളവരാണ് നിരീക്ഷണത്തിൽ കഴിയുന്നതെന്നും മന്ത്രി അറിയിച്ചു. എം പോക്സ് രോഗലക്ഷണങ്ങളുമായി കേരളത്തിൽ വന്ന മൂന്നുപേരുടെ ഫലം നെഗറ്റീവാണെന്ന് മന്ത്രി പറഞ്ഞു.
രോഗി വീട്ടിൽ നിന്ന് പഴങ്ങൾ കഴിച്ചിട്ടുണ്ടെന്നും, ഇത് ശാസ്ത്രീയമായി ഇനി തെളിയിക്കപ്പെടണമെന്നും മന്ത്രി വ്യക്തമാക്കി. മലപ്പുറത്ത് വിദേശത്ത് നിന്നെത്തിയ 38കാരന് എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പരിശോധനയും ജാഗ്രതയും കർശനമാക്കിയിട്ടുണ്ട്. ആശങ്കപെടേണ്ടതില്ലെന്നും മന്ത്രി അറിയിച്ചു.
നിലവിൽ സമ്പർക്ക പട്ടികയിലുള്ളവരോട് വീടുകളിൽ തന്നെ കഴിയണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ആറ് പേർ വിദേശത്തുള്ളവരാണ്. രോഗിയുടെ റൂട്ട് മാപ്പ് വൈകാതെ പുറത്തുവിടുമെന്നും മന്ത്രി അറിയിച്ചു.
ദുബായിൽ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളിൽ നിന്നും കേരളത്തിലെത്തുന്നവർക്ക് ഉൾപ്പെടെ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ചികിത്സ തേടണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശിച്ചു.
Story Highlights: Health Minister Veena George updates on Nipah and Monkeypox cases in Kerala, emphasizing vigilance and precautionary measures.