മലപ്പുറത്ത് നിപ ആശങ്ക ഒഴിയുന്നതായി റിപ്പോർട്ട്. പുതുതായി പുറത്തുവന്ന പരിശോധനാ ഫലങ്ങൾ മുഴുവൻ നെഗറ്റീവ് ആണെന്ന് കണ്ടെത്തി. ഇന്നലെ പരിശോധിച്ച 17 സാമ്പിളുകളും നെഗറ്റീവ് ആയിരുന്നു. നിലവിൽ 460 പേരാണ് സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇതിൽ 220 പേർ രോഗലക്ഷണങ്ങളോടെ ഹൈറിസ്ക് വിഭാഗത്തിൽ നിരീക്ഷണത്തിൽ കഴിയുന്നു. ഹൈറിസ്ക് വിഭാഗത്തിൽപ്പെട്ടവരിൽ 142 പേർ ആരോഗ്യ പ്രവർത്തകരാണ്.
നിപ ഉറവിടം കണ്ടെത്താനുള്ള നടപടികൾ ആരോഗ്യവകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്. പൂനെ എൻ.ഐ.വിയിൽ നിന്നുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി വവ്വാലുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചു തുടങ്ങി. വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാമ്പിൾ ശേഖരിച്ച് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയാൽ ജനിതക പരിശോധന നടത്തും.
പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഇതുവരെ 18055 വീടുകൾ സന്ദർശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളുമാണ് സന്ദർശിച്ചത്. ഇതിൽ പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളും റിപ്പോർട്ട് ചെയ്തു. നിപ ബാധിത മേഖലയിലെ സ്കൂളുകളിൽ ഓൺലൈൻ വഴി ക്ലാസുകൾ നടക്കുന്നുണ്ട്. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 19 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്.