തിരുവനന്തപുരം/ കാബൂൾ: ഐഎസ്സിൽ ചേർന്ന് അഫ്ഗാനിസ്ഥാനിലേക്ക് പോയ തന്റെ മകൾ നിമിഷ ഫാത്തിമയെക്കുറിച്ച് കുടുംബത്തിന് ഇതുവരെയും ഒരുവിവരവും ലഭിച്ചിട്ടില്ലെന്ന് അമ്മ ബിന്ദു പറഞ്ഞു.
മകളെ എത്രയും പെട്ടെന്ന് തിരികെ എത്തിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്നാണ് ബിന്ദുവിന്റെ ആവശ്യം. നേരത്തേയും കേന്ദ്രവിദേശകാര്യമന്ത്രാലയത്തെ ഈ അഭ്യർത്ഥനയുമായി ബിന്ദു സമീപിച്ചിരുന്നു.
നിമിഷ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഇന്ത്യയിലെ നിയമം അനുശാസിക്കുന്ന ശിക്ഷ നടപ്പാക്കാമെന്നും അമ്മ ബിന്ദു കൂട്ടിച്ചേർത്തു. ഐഎസ്സിൽ ചേർന്ന നിമിഷാ ഫാത്തിമ ഒരു കുട്ടിയുടെ അമ്മ കൂടിയാണ്.
താലിബാൻസൈന്യം നിമിഷയെ പാർപ്പിച്ചിരുന്ന അഫ്ഗാനിലെ കാബൂളിലുള്ള ജയിൽ തകർത്തിരുന്നു. നിമിഷ എവിടെയെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത ലഭിച്ചിട്ടില്ല.
ഞായറാഴ്ച നടത്തിയ ആക്രമണത്തിൽ മുൻ ഇസ്ലാമിക് സ്റ്റേറ്റ്, അൽ ഖ്വെയ്ദ തീവ്രവാദികൾ ഉൾപ്പെടെ ആയിരക്കണക്കിന് പേരെയാണ് താലിബാൻ കാബൂൾ ജയിലിൽ നിന്നും മോചിപ്പിച്ചത്. നിമിഷ ഫാത്തിമ പുൾ-എ-ചർക്കി എന്ന കാബൂൾ ജയിലിലായിരുന്നുവെന്നാണ് സൂചന. അയ്യായിരത്തോളം തടവുകാരാണ് ഇവിടെ ഉണ്ടായിരുന്നത്.
Story highlight : Nimisha Fatima must be bring back as soon as possible requested her Mother.