കാസർഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് തെയ്യം കെട്ട് മഹോത്സവത്തിനിടെ വെടിപ്പുരയ്ക്ക് തീപിടിച്ച് വലിയ അപകടമുണ്ടായി. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ച് തോറ്റം ചടങ്ങിനിടെയാണ് അപകടം സംഭവിച്ചത്. 154 പേർക്ക് പൊള്ളലും പരുക്കുമേറ്റിട്ടുണ്ട്. പൊള്ളലേറ്റ നിരവധി പേരുടെ നില ഗുരുതരമാണ്.
രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. പരുക്കേറ്റവരെ ആദ്യം നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെ വിവിധ സ്വകാര്യ ആശുപത്രികളിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിലവിൽ 97 പേര് ചികിത്സയിലാണ്. അപകടത്തിൽ പരിക്കേറ്റവരിൽ എട്ടുപേരുടെ നില ഗുരുതരമാണെന്ന് ജില്ല കളക്ടര് ഇമ്പശേഖര് പറഞ്ഞു. പടക്കം പൊട്ടിച്ചതിന്റെ തീപ്പൊരി വീണതാണ് തീപിടിക്കാൻ കാരണമെന്നാണ് നിഗമനം.
ഗുരുതരമായി പരിക്കേറ്റ നിരവധി പേരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റുന്നുണ്ട്. കാഞ്ഞങ്ങാട് ആശുപത്രിയിൽ 16 പേരും സഞ്ജീവനി ആശുപത്രിയിൽ 10 പേരും ഐശാല് ആശുപത്രിയിൽ 17 പേരും പരിയാരം മെഡിക്കല് കോളേജിൽ അഞ്ച് പേരും കണ്ണൂര് മിംസിൽ 18 പേരും കോഴിക്കോട് മിംസിൽ രണ്ട് പേരും അരിമല ആശുപത്രിയിൽ മൂന്നുപേരും കെഎഎച്ച് ചെറുവത്തൂരിൽ രണ്ടു പേരും മണ്സൂര് ആശുപത്രിയിൽ അഞ്ചുപേരും ദീപ ആശുപത്രിയിൽ ഒരാളും മാംഗ്ലൂര് എംജെ മെഡിക്കല് കോളേജിൽ 18 പേരുമാണ് ചികിത്സയിലുള്ളത്.
Story Highlights: Fire accident at Nileswaram temple festival injures 154 people