കാസര്ഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്കാവ് ഭഗവതി ക്ഷേത്രത്തില് കളിയാട്ടത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തിൽ മരിച്ച നാല് പേരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. മന്ത്രിസഭ യോഗത്തിലാണ് തീരുമാനമെടുത്തത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില് നിന്ന് 4 ലക്ഷം രൂപ വീതം ധനസഹായമായി നല്കും.
കിണാവൂർ സ്വദേശി രതീഷ്, സന്ദീപ്, നീലേശ്വരം കൊല്ലം പാറ സ്വദേശി ബിജു(38), ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ് (19) എന്നിവരാണ് വെടിക്കെട്ട് അപകടത്തിൽ മരിച്ചത്. അപകടത്തിൽ ബിജുവിന് 50 ശതമാനത്തിലേറെയും സന്ദീപിന് 90 ശതമാനവും പൊള്ളലേറ്റിരുന്നു. നൂറിലേറെ പേർക്കാണ് പരുക്കേറ്റത്. പടക്കപുരയ്ക്ക് അടുത്ത് വച്ച് പടക്കത്തിന് തിരികൊളുത്തുകയും, കാണികൾക്ക് സമീപം പടക്കം അലക്ഷ്യമായി കൈകാര്യം ചെയ്യുകയുമായിരുന്നു.
കളിയാട്ടത്തിന്റെ ആദ്യദിനം രാത്രി 12 മണിക്കാണ് സംഭവം നടന്നത്. ചൈനീസ് പടക്കം പൊട്ടിക്കുന്നതിനിടെ കമ്പപ്പുരയ്ക്ക് മുകളിലേക്ക് തീപ്പൊരി വന്ന് പതിച്ചു. പടക്കശേഖരം സൂക്ഷിച്ചിരുന്ന കമ്പപ്പുരയും വെടിക്കെട്ട് സ്ഥലവും തമ്മിലുള്ള ദൂരം വെറും മൂന്നരയടി മാത്രമായിരുന്നു. നൂറ് മീറ്റർ അകലം വേണമെന്ന ചട്ടങ്ങൾ പാലിക്കാതെയായിരുന്നു വെടിക്കെട്ട് നടത്തിയത്. അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖരൻ, സെക്രട്ടറി ഭരതൻ, പടക്കത്തിന് തിരികൊളുത്തിയ രാജേഷ് എന്നിവർക്ക് ഹോസ്ദുർഗ് സി ജെ എം കോടതി ജാമ്യം അനുവദിച്ചിരുന്നു.
Story Highlights: Government announces financial assistance for families of fireworks accident victims in Nileswaram temple