കാസർഗോഡ് നീലേശ്വരത്തെ വെടിക്കെട്ട് അപകടത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി പ്രതികരിച്ചു. നാടിനെയാകെ ഞെട്ടിച്ച ഈ അപകടം തെയ്യക്കെട്ടുകളുടെ സമാരംഭം കുറിക്കുന്ന തെയ്യം ആയതുകൊണ്ട് കാസർഗോഡിന്റെ നാനാഭാഗത്തു നിന്നും ആളുകളെത്തുന്ന സ്ഥലമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. അപകട സ്ഥലം സന്ദർശിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വെടിക്കെട്ട് നടത്തുന്നതിൽ വീഴ്ചയുണ്ടായിട്ടുണ്ടെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ കാരണക്കാരെ കണ്ടെത്താനാകൂ എന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. സംഭവം ഉണ്ടാകാതിരിക്കേണ്ട മുൻ കരുതലുകൾ പൊലീസ് സ്വീകരിച്ചിരുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത്രയധികം ആളുകൾ എത്തുന്ന ചടങ്ങിൽ പടക്കം പൊട്ടിക്കുന്നത് ഉൾപ്പെടെയുള്ളവ പരിശോധിക്കേണ്ടത് പൊലീസായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അപകടത്തിൽ 154 പേർക്ക് പരുക്കേറ്റതായും, അതിൽ 97 പേർ ചികിത്സയിലാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എട്ടുപേരുടെ നില ഗുരുതരമാണെന്ന് ജില്ല കളക്ടർ ഇമ്പശേഖർ അറിയിച്ചു. സംഭവത്തിൽ ക്ഷേത്രത്തിന്റെ പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊലീസ് കാഴ്ചക്കാരായി വന്നിട്ട് കാര്യമില്ലെന്നും മുൻ കരുതൽ ഉണ്ടായില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ വിമർശിച്ചു.
Story Highlights: MP Rajmohan Unnithan criticizes police negligence in Kasaragod Nileshwaram firecracker blast