കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി മുന്നോട്ടുപോകാൻ സംസ്ഥാനം. സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്താനാണ് സർക്കാരിന്റെ തീരുമാനം. ജനസംഖ്യാനുപാതിക പ്രതിവാര രോഗ നിരക്ക്(WIPR) ഏഴിൽ കൂടുതലുള്ള പ്രദേശങ്ങളിൽ ലോക്ഡൗൺ നടപ്പിലാക്കാനാണ് തീരുമാനം.
മുൻപ് എട്ടിൽ കൂടുതലുള്ള പ്രദേശങ്ങളിലായിരുന്നു ലോക്ഡോൺ ഏർപ്പെടുത്തിയിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ എടുത്തത്. അതേസമയം ഞായറാഴ്ച സമ്പൂർണ്ണ ലോക്ഡൗണിൽ മാറ്റമില്ല.
ജില്ലകളിൽ ഐപിഎസ് ഓഫീസർമാരെ നിയോഗിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ജില്ലാ നോഡൽ ഓഫീസർമാരായി അഡീഷണൽ എസ്പിമാരെ ചുമതല ഏൽപ്പിക്കും.
വിവിധ മേഖലകളിലുള്ള വിദഗ്ധരെ പങ്കെടുപ്പിച്ച് സെപ്റ്റംബർ ഒന്നിന് കോവിഡ് പ്രതിരോധത്തിനായി പദ്ധതികൾ ആവിഷ്കരിക്കാൻ യോഗം ചേരും. എല്ലാ മെഡിക്കൽ കോളേജുകളിലെയും ആരോഗ്യ വിദഗ്ധർ യോഗത്തിൽ പങ്കെടുക്കും.
തദ്ദേശസ്ഥാപന സെക്രട്ടറി, പ്രസിഡന്റ് തുടങ്ങിയവരുമായി സെപ്റ്റംബർ മൂന്നിന് യോഗം ചേരും. തദ്ദേശസ്ഥാപനങ്ങളിലെ വാക്സിൻ ലഭ്യമാക്കിയ കണക്കുകൾ പരിശോധിക്കുമെന്നും കുറവുകൾ പരിഹരിക്കാൻ നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. ഐടിഐ വിദ്യാർഥികൾക്ക് പ്രാക്ടിക്കൽ ക്ലാസുകൾക്ക് അനുമതി നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.
Story Highlights: Night Curfew in kerala from Tomorrow.