നിക്കരാഗ്വ എന്ന മധ്യഅമേരിക്കന് രാജ്യം ഗൗരവതരമായ പ്രശ്നങ്ങളാല് വലയുകയാണ്. പ്രസിഡന്റ് ഡാനിയേല് ഒട്ടെര്ഗയുടെ നേതൃത്വത്തില് കഴിഞ്ഞ ആറ് വര്ഷമായി പൗരസമൂഹത്തെ അടിച്ചമര്ത്തുന്ന നടപടികളാണ് സ്വീകരിച്ചുവരുന്നത്. മനുഷ്യാവകാശ പ്രശ്നങ്ങള് ഉന്നയിച്ച് ജനങ്ങള് തെരുവിലിറങ്ങുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. സര്ക്കാരും പോലീസും അക്രമോത്സുകമായി പ്രതിഷേധക്കാരെ നേരിടുന്നു.
1500 സര്ക്കാരേതര സംഘടനകളുടെ നിയമപരമായ പദവി റദ്ദാക്കിയതാണ് ഏറ്റവും പുതിയ നടപടി. നിക്കരാഗ്വന് റെഡ്ക്രോസ്, ക്രിസ്ത്യന് ചാരിറ്റി സംഘടനകള്, സ്പോര്ട്സ് അസോസിയേഷനുകള്, സ്വകാര്യ സര്വകലാശാലകള് തുടങ്ങിയവയെല്ലാം ഇതില് ഉള്പ്പെടുന്നു. സാമ്പത്തിക വിവരങ്ങള് വെളിപ്പെടുത്തുന്നതില് പരാജയപ്പെട്ടുവെന്നാണ് സര്ക്കാരിന്റെ വിശദീകരണം. 5000ത്തിലധികം സിവില് സൊസൈറ്റി ഗ്രൂപ്പുകള്, മാധ്യമ സ്ഥാപനങ്ങള്, സാമൂഹിക-കായിക ക്ലബ്ബുകള് എന്നിവയെല്ലാം ഈ കാലയളവില് നിയന്ത്രണങ്ങള് നേരിട്ടിട്ടുണ്ട്.
സാമ്പത്തിക കാരണങ്ങളും പ്രക്ഷോഭങ്ങള്ക്ക് വഴിവെച്ചിട്ടുണ്ട്. പെന്ഷന് വെട്ടിക്കുറയ്ക്കുകയും തൊഴിലാളികളുടെയും തൊഴില്ദാതാക്കളുടെയും വിഹിതം വര്ധിപ്പിക്കുകയും ചെയ്ത നടപടികള് പ്രതിഷേധങ്ങള്ക്ക് കാരണമായി. സ്വതന്ത്ര മാധ്യമങ്ങളുടെയും സാമൂഹ്യ മാധ്യമങ്ങളുടെയും പ്രവര്ത്തനം തടസ്സപ്പെട്ടിരിക്കുന്നു. ഐക്യരാഷ്ട്രസഭ ഈ നടപടികളെ അപലപിക്കുന്നുണ്ടെങ്കിലും പ്രസിഡന്റ് ഒര്ട്ടെഗ അതൊന്നും പരിഗണിക്കുന്നില്ല. ഈ മധ്യഅമേരിക്കന് രാജ്യത്തിന്റെ ഭാവി എന്തായിരിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
Story Highlights: Nicaragua’s President Daniel Ortega cracks down on civil society, revoking legal status of 1500 NGOs