രാജ്യാന്തര അവയവക്കടത്ത് കേസ് എൻഐഎ ഏറ്റെടുത്തു; കൊച്ചിയിൽ എഫ്ഐആർ സമർപ്പിച്ചു

Anjana

രാജ്യാന്തര അവയവക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്തു. മനുഷ്യക്കടത്ത് അന്താരാഷ്ട്ര തലത്തിൽ നടന്നതായുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് എൻഐഎ കേസ് ഏറ്റെടുത്തത്. കൊച്ചിയിലെ എൻഐഎ കോടതിയിൽ എഫ്ഐആർ സമർപ്പിച്ചതോടെ കേസ് രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയായി.

നിലവിൽ ആലുവ റൂറൽ പൊലീസിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്. മെയ് 19-ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് കേസിലെ മുഖ്യസൂത്രധാരനായ തൃശൂർ സ്വദേശി സാബിത്ത് നാസർ അറസ്റ്റിലായിരുന്നു. അവയവ കടത്തിൽ ഏർപ്പെട്ടവരിൽ ഭൂരിഭാഗവും ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കളാണെന്ന് സബിത് നാസർ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേസിൽ ഇതുവരെ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സാബിത്ത് നാസർക്ക് പുറമേ അവയവ മാഫിയയിലെ മുഖ്യ പങ്കാളികളായ കൊച്ചി സ്വദേശി സജിത്ത്, ഹൈദരാബാദ് സ്വദേശി ബെല്ലം കൊണ്ട രാമപ്രസാദ് എന്നിവരെയും പൊലീസ് പിടികൂടിയിരുന്നു. സംഘത്തിലെ നാലാമനായ കൊച്ചി സ്വദേശി മധുവാണ് ഇറാനിലെ തലവൻ. സബിത്ത് നാസറിന്റെ നേതൃത്വത്തിലായിരുന്നു ആളുകളെ വിദേശത്തേക്ക് കടത്തിയത്.

ഈ കേസ് എൻഐഎ ഏറ്റെടുത്തതോടെ അന്വേഷണം കൂടുതൽ വ്യാപകമാകുമെന്നും രാജ്യാന്തര ബന്ധങ്ങൾ വെളിച്ചത്ത് വരുമെന്നും പ്രതീക്ഷിക്കുന്നു. അവയവക്കടത്തിന്റെ വ്യാപ്തിയും അതിന്റെ പിന്നിലെ സംഘടിത ശൃംഖലയും പുറത്തുകൊണ്ടുവരാൻ എൻഐഎയുടെ അന്വേഷണം സഹായകമാകുമെന്നാണ് വിലയിരുത്തൽ.